ചാവക്കാട് : ലൈറ്റ് ആന്‍റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖല പ്രഥമ സമ്മേളനം ബുധനാഴ്ച ചാവക്കാട് ബസ്‌സ്റ്റാന്റ് പരിസരത്ത് ബ്രൈറ്റ് വാസു നഗറില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിണ്ടന്റ് എ എല്‍ ആന്റോ, ജന: സെക്രട്ടറി പി സി ഹൈദ്രോസ്, ജനറല്‍ കവീനര്‍ വി എല്‍ ജോയി, വൈസ് പ്രസിണ്ടന്റ് കെ വി നിഷാദ്, പബ്‌ളിസിറ്റി കണ്‍വീനര്‍ ബാബുപോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഉദ്ഘാടന സേേമ്മളനം, പ്രതിനിധി സമ്മേളനം, മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകരെ ആദരിക്കല്‍, നാടന്‍പാട്ട്, ഗാനമേള, മെഗാഷോ, എക്‌സിബിഷന്‍, വാഹന പ്രചരണ ജാഥ എന്നിവ ഉണ്ടായിരിക്കും. ചേറ്റുവ, ചാവക്കാട്, കാപ്പിരിക്കാട്, കുന്ദംകുളം, പെരുമ്പിലാവ്, കേച്ചേരി, ഗുരുവായൂര്‍, പാവറട്ടി മേഖലകള്‍ ഉള്‍കൊള്ളുന്ന സ്ഥലത്തെ മെമ്പര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മുതലാളിയും, തൊഴിലാളിയും, ഒരേപോലെ ജോലിചെയ്യുന്ന സംഘടയിലെ 300 ഓളം പ്രതിനിധികളാണ് സംബന്ധിക്കുന്നത്.
രാവിലെ മേഖലാ പ്രസിണ്ടന്റ് സി എല്‍ ആന്റോ പതിക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 10 ന് സംസ്ഥാനപ്രസിണ്ടന്റ് തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിണ്ടന്റ് കെ എ ബഷീര്‍ മുഖ്യാതിഥിയാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എച്ച് ഇഖ്ബാല്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ച്മണിക്കു നടക്കുന്ന പൊതുസമ്മേളനം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി മുഖ്യാതിഥിയാവും. ചാവക്കാട് എസ് ഐ എം കെ രമേഷ്, സംസ്ഥാന വൈസ് പ്രസിണ്ടന്റ് റഹീം കുറ്റിപ്പുറം, നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്ത്യായനീ ടീച്ചര്‍, കെ വി അബ്ദുല്‍ ഹമ്മീദ്, ബുഷറ ലത്തീഫ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കളും സംബബന്ധിക്കും.
കേരളത്തില്‍ നിരോധിച്ച കോളാമ്പി സ്പീക്കറുകളുടെ വില്‍പ്പന അവസാനിപ്പിക്കുക, മേഖലയിലെ സാമ്പത്തിക പരാധീനതക്ക് പരിഹാരമായി ഉപാധി രഹിത വായ്പ്പ അനുവദിക്കുക, ഉച്ചഭാക്ഷിണിയുടെ സമയ നിയമ നിബന്ധന എല്ലാവര്‍ക്കും ബാധകമാക്കുക, ഭരണ കൂടവും, നീതി പീഡവും വിലക്ക് ഏര്‍പ്പെടുത്താത്ത വാണിജ്യ പരസ്യ പ്രക്ഷേപണങ്ങള്‍ക്ക് അനുമതി നല്‍കുക, മൈക്ക് അനുവാദ ഫീസില്‍ വരുത്തിയ വന്‍ വര്‍ദ്ധനവ് പിന്‍വലിക്കുക, റോഡ് ടാക്‌സ് വകയില്‍ ജനറേറ്റര്‍ വാഹനങ്ങളുടെ വര്‍ദ്ധിപ്പിച്ച ഭീമമായ ഫീസ് പുന പരിശോധിക്കുക, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അധികാരം സംഘടനകളുടെ പേരില്‍ നല്‍കുക, നിയമ നടപടികളില്‍ സംഘാടകരേയും പ്രതിയാക്കുക, ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍, സൗജന്യ ഇന്‍ഷ്യൂറന്‍സ്, സൗജന്യ ചികില്‍സാ സഹായങ്ങള്‍, എന്നിവ ഏര്‍പ്പെടുത്തുക. തുടങ്ങീ ആവശ്യങ്ങള്‍ സമ്മേളന പ്രമേയങ്ങളായി ചര്‍ച്ച ചെയ്യപ്പെടും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വാഹനപ്രചരണ ജാഥയും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.