ചാവക്കാട്: മാലിന്യ കൂമ്പാരത്തിനു മുകളിൽ ചെമ്മണ്ണിട്ട് നഗരസഭ വീണ്ടും കനോലി കനാൽ നികത്തുന്നു. എതിർപ്പിൻറെ പ്രതീകമായി വിവിധ സംഘടനകൾ നാട്ടിയ കൊടികൾ പിഴുതെടുത്ത് മാറ്റിയിട്ടു.
ചാവക്കാട് നഗരത്തിലെ വഞ്ചിക്കടവിൽ ഇറച്ചി മാർക്കറ്റിനു മുന്നിലെ കനോലി കനാലാണ് നഗരസഭ അധികൃതർ ചെമ്മണ്ണിട്ട് നികത്തുന്നത്. നഗരത്തിലെ കാനകൾ കോരിയ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖര വസ്തുക്കൾ കോരിയെടുത്ത് കനാൽ നികത്താനിട്ടത് വിവാദമായത് വകവെക്കാതെയാണ് നഗരസഭയുടെ പുതിയ നടപടി. നാട്ടിൽ ലഭ്യമല്ലാത്ത ചെമ്മണ്ണിട്ടാണ് കനോലി കനാൽ നികത്താൻ ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഇത് സംബന്ധിച്ച് വന്നവാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്, വെൽഫെയർ, എസ്.ഡി.പി.ഐ പാർട്ടികൾ നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൊടികൾ നാട്ടിയിരുന്നു. ഈ കൊടികളിൽ രണ്ടെണ്ണം മാറ്റിയിട്ടാണ് വീണ്ടും ചെമ്മണ്ണിട്ട് നികത്തുന്നത്. നാട്ടിൽ കാനോലി കനാൽ മാലിന്യം തള്ളുന്നതും കനാൽ കരകൾ നികത്തുന്നതും തടയാൻ നോട്ടീസുമായി പരക്കം പായുന്ന അധികൃതരുടെ ഒത്താശയോടെയാണീ നികത്തൽ നടക്കുന്നത്. നേരത്തെയിട്ട പ്ലാസ്റ്റിക് മാലിന്യം കാണാത്ത വിധമാണ് പുതിയ നികത്തൽ. കനോലി കനാലിലേക്ക് മാലിന്യമൊഴുക്കാൻ നിർമ്മിച്ച കാനകളുടെ കാര്യത്തിലും നടപടിയില്ല.