ചാവക്കാട്: നഗരസഭ ഓഫീസ് സമുച്ചയത്തിന്‍റെ നവീകരണത്തിന്‍റെ ടെണ്ടർ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം.
ഓഫീസ് കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മ്മാണം, പെയിന്റിങ്, കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം എന്നിവക്ക് 50 ലക്ഷം രുപ എസ്റ്റിമേറ്റാണ് കണക്കാക്കുന്നത്. 44 ലക്ഷം രൂപക്കാണ് ടെണ്ടറായത്. ശനിയാഴ്ച്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഇത് അംഗീകരിച്ചത്.
ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ മാമോഗ്രാം യൂണിറ്റിന് കെട്ടിടം, നഗരസഭ കൃഷിഭവന്‍ ഓഫീസ് കെട്ടിടം എന്നിവായുടെ നിർമ്മാണത്തിനുള്ള ടെണ്ടറുകൾക്കും കൗൺസിൽ യോഗം അംഗീകാരം നൽകി. സി.എന്‍.ജയദേവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപക്കാണ് താലൂക്കാശുപത്രിയിലെ മാമോഗ്രാം യൂണിറ്റ് കെട്ടിടടത്തിന്റെ എസ്റ്റിമേറ്റ് തുക. പൊതുജനങ്ങള്‍ക്കായി ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള കൃഷിഭവന്‍ കെട്ടിടത്തിന് 36 ലക്ഷം രൂപയാണ് 2016- – 17 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബ, വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ആവശ്യമായ ഗുണഭോക്താക്കളെ ലഭ്യമാകാത്ത സാഹചര്യത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നേരിട്ട് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക അംഗീകരിക്കാന്‍ യോഗം തീരുമാനിച്ചു. പി.എം.എ.വൈ ഗുണഭോക്താക്കളുടെ യോഗം 21ന് നഗരസഭയില്‍ ചേരുമെന്ന് കൗൺസിൽ യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ.കെ.കാര്‍ത്ത്യായനി, കൗണ്‍സിലര്‍മാരായ എ.എച്ച്.അക്ബര്‍, പി.എം.നാസര്‍, പി.വി.പീറ്റര്‍. ടി.എ.ഹാരിസ്, ഷാഹിദ എന്നിവർ സംസാരിച്ചു.