ചാവക്കാട് : ചാവക്കാടിന്‍റെ ദൃശ്യഭംഗിയിലുടെ സഞ്ചരിക്കുന്ന കുട്ടികളുടെ മൂസിക് വീഡിയോ ‘കാറ്റ് വന്നേ, പൂ പറിച്ചേ…’സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക്. ജൂലൈ 20 ാം തിയ്യതി മുതല്‍ തിരുവനന്ദപുരത്ത് സാസ്കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയില്‍ പ്രദര്‍ശനത്തിന് ഈ വീഡിയോ തിരഞ്ഞെടുത്തു.
ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് മൂസിക് വീഡിയോ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്കായിറങ്ങിയ ഒരു സംഘം കുട്ടികളുടെ കാഴ്ചകളിലൂടെയാണ് വീഡിയോ സംസാരിക്കുന്നത്. യാത്രാസംഘത്തിന്‍റെ സഞ്ചാരവഴികളില്‍ ചാവക്കാടിനെ അവര്‍ തൊട്ടറിയുന്നുണ്ട്. പ്രദേശത്തെ പ്രധാന ഇടങ്ങളേയും വ്യക്തികളേയും അടയാളപ്പെടുത്തുന്നു. ചാവക്കാട് കടലും വഞ്ചിക്കടവും യുദ്ധസ്മാരകവും, ചേറ്റുവ കണ്ടല്‍കാട്, കോട്ട, ഗുരുവായൂര്‍ ഗാന്ധിസ്മാരകം എന്നിവയ്ക്കു പുറമേ വിരുന്നെത്തിയ പക്ഷികളേയും നാട്ടിലെ വീശുവലയേറും ഉള്‍പ്പെടെ നാടിന്‍റെ വിവിധകാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
അധ്യാപകനായ റാഫി നീലങ്കാവിലാണ്. നിര്‍മ്മാണം പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ. ഏ.കെ. നാസറും നിര്‍വ്വഹിക്കുന്നു. സംഗീതവും രചനയും അഹ്മദ് മുഈനുദ്ദീനും, സഹസംവിധാനം ഷാജി നിഴലും ചാക്കോച്ചിയും, ഛായഗ്രഹണം ഹാഷിം അന്‍സാര്‍, പ്രശാന്ത് ഐ ഐഡിയയും രാജീവ് ചൂണ്ടല്‍ ചിത്ര സംയോജനവും സൗജന്യമായാണ് വിദ്യാലയത്തിനുവേണ്ടി ചെയ്യുന്നത്. പ്രധാനഅധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, അദ്ധ്യാപകരായ രാജു എ.എസ്, ധ്വനി വിശ്വനാഥ്, ഹേമ നാരായണബാബു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഇത് രണ്ടാം തവണയാണ് ഈ മേളയിലേക്ക് ചാവക്കാടിനെ പശ്ചാത്തലമാക്കി മ്യൂസിക് വീഡിയോ തിരഞ്ഞെടുക്കപ്പെടുന്നത്. 2014ല്‍ ഏഴാമത് രാജ്യാന്തരമേളയിലേക്ക് ‘ലോട്ടറി വില്‍ക്കണ ജോസപ്പേന്‍’ എന്ന മൂസിക് വീഡിയോയില്‍ ചാവക്കാടിലെ ലോട്ടറി വില്‍ക്കുന്നവരുടെ ജീവിതമാണ് മുഖ്യപ്രമേയമായത്. ഈ വീഡിയോയുടെ നിര്‍മ്മാണം റാഫി നീലങ്കാവിലും സംവിധാനം സൈജോ കണ്ണനായ്ക്കലുമാണ് നിര്‍വ്വഹിച്ചത്.