പുന്നയൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിലെ എടക്കര മിനി സെന്ററിൽ പ്രളയത്തെ തുടർന്ന് തകർച്ചയിലായ വീടുകൾ സന്ദർശിക്കാൻ മെമ്പർ ബുഷറ ഷംസുദ്ധീൻ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാതെ പിറ്റേ ദിവസം ഭരണകക്ഷി നേതാവുമൊത്ത് വീടുകൾ സന്ദർശിച്ച പുന്നയൂർ വില്ലേജ് ഓഫീസറുടെ നടപടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തഹസിൽദാർ പറഞ്ഞിട്ടാണ് താൻ ഭരണകക്ഷി നേതാവുമൊത്ത് വീട് സന്ദർശിക്കാൻ പോയതെന്നായിരുന്നു ഓഫീസറുടെ മറുപടി. ഇതു സംബന്ധിച്ച് പരാതിപ്പെടാൻ തഹസിൽദാറെ വിളിച്ചപ്പോൾ താൻ പറഞ്ഞിട്ടാണ് വില്ലേജ് ഓഫീസറുടെ സന്ദർശനമെന്ന മറുപടിയിലൂടെ തഹസിൽദാറും ഭരണകക്ഷി നേതാക്കളുടെ ആജ്ഞക്കൊത്താണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യമായിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വാർഡുകളിൽ മെമ്പർമാരുടെ മേൽനോട്ടത്തിലാകണം ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് സർക്കാർ പറയുമ്പോഴാണ് ജനപ്രതിനിധികളെ  ഒഴിവാക്കി ഭരണകക്ഷി നേതാക്കളുടെ ആജ്ഞക്കൊത്തുള്ള അധികൃതരുടെ ഈ നടപടി. ഇതിനെതിരെ പ്രതിഷേധ നടപടി കൈക്കൊള്ളുവാൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. വി സലാം, സി മുഹമ്മദാലി, കെ.കെ ഷംസുദ്ധീൻ, കെ.കെ അബൂബക്കർ, കെ.വി ഹുസൈൻ എന്നിവർ സംസാരിച്ചു.