ചാവക്കാട് :  മണത്തല ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക്  തുടക്കമായി. ജാറത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മുട്ടുംവിളി ആരംഭിച്ചത്. ഷഹനായിയുടെ സ്വരമാധുര്യത്തില്‍  ഉഹുദ്, ബദര്‍ പാട്ടുകളുടെ ഇശലുകള്‍ ചാവക്കാടിന്റെ  നാട്ടുവഴികളെ ധന്യമാക്കും. 42 വര്‍ഷമായി മുട്ടുംവിളി നടത്തുന്ന പട്ടാമ്പി ബദരിയ്യ മുട്ടുംവിളിസംഘം തന്നെയാണ് ഇത്തവണയും മുട്ടുംവിളി നടത്തുന്നത്. ഉസ്താദ് മുഹമ്മദ് ഹുസൈന്റെ  ഷഹനായിയിലെ ഈണങ്ങള്‍ക്ക്   കെ.എം. ഹുസൈന്‍, എം. മുഹമ്മദ് കുട്ടി എന്നിവര്‍ മുരശിലും ടി.എ. അബ്ദുള്‍ റഹ്മാന്‍ ഡോളിലും കെ. അബ്ദുള്‍ റഹ്മാന്‍ ഒറ്റയിലും താളമിടും. ചാവക്കാടിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ വീടുകളിലും മുട്ടുംവിളിസംഘം നേര്‍ച്ചവിളംബരം നടത്തും. ചന്ദനക്കുടം നേര്‍ച്ചയുടെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ചയെ  പള്ളിയിലേക്ക് ആനയിക്കുന്നതും മുട്ടുവിളി വാദകരായിരിക്കും.