ചാവക്കാട്: വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികളെ മര്‍ദിച്ച ചാവക്കാട് എസ്.ഐ. രമേശന്‍, മര്‍ദനവിവരം ചോദിക്കാനെത്തിയ യുവജന-പാര്‍ട്ടി നേതാകള്‍ക്കുനേരെ ലാത്തിവീശിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരേയാണ് സി.പി.ഐ. നടപടി ആവശ്യപ്പെടുന്നത്. സത്യാഗ്രഹവും ഹര്‍ത്താലും നടത്തിയിരുന്നു.
പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതില്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ യോഗം അപലപിച്ചു. നടപടി വൈകിയാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം ഉണ്ടാകും. യോഗത്തില്‍ എ.എന്‍. രാജന്‍ അധ്യക്ഷനായി.സി.എന്‍. ജയദേവന്‍ എം.പി.,മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കെ. രാജന്‍ എം.എല്‍.എ., ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രന്‍, ടി.ആര്‍. രമേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.