ചാവക്കാട് : ഒന്നരക്കോടിയുടെ അസാധു നോട്ട് കൈവശം വച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ
ബിജുവാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പൊലീസുകാര്‍ക്കുമൊപ്പം മേശയ്ക്കു പുറത്ത് അസാധു നോട്ടുകള്‍ നിരത്തിവച്ചുള്ള ഫോട്ടോയ്ക്ക് പോസ്
ചെയ്തത്.
ഇന്നലെ എടുത്ത ഈ ഫോട്ടോ ഇന്നു പല വാര്‍ത്താ മാധ്യങ്ങളില്‍ വരികയും ചെയ്തു. അസാധു നോട്ടുമായി പിടിയിലായ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംഘം എന്ന
അടിക്കുറിപ്പോടു കൂടിയാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് പൊലീസുകാരൻ അല്ലാത്ത ഒരാൾ ഇവർക്കൊപ്പം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബിജു എങ്ങനെ
പൊലീസുകാരനായി എന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചതോടെയാണ് പൊലീസ് സംഘത്തോടൊപ്പം ഇയാൾ കുമ്മനടിച്ച വിവരം മാധ്യമ പ്രവര്‍ത്തകര്‍പോലും അറിയുന്നത്.
അസാധുനോട്ട് സംഘത്തെ കുറിച്ച് വിവരം നൽകിയ ആളാണെന്നും പറയപ്പെടുന്നു. എങ്കിൽപ്പോലും എങ്ങനെ പൊലീസ് സംഘത്തോടൊപ്പം കയറിക്കൂടിയെന്നാണ് ചോദ്യം. കഴിഞ്ഞ
ദിവസമാണ് ഒന്നരക്കോടിയുടെ അസാധു നോട്ടുമായി രണ്ടു കാറുകളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളികളുള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ ചാവക്കാട് പൊലീസ്
പിടികൂടിയത്.