പാലയൂര്‍ : പാലയൂര്‍ നിവാസികള്‍ക്ക് ചിരപരിചിതനും, പൊതുപ്രവര്‍ത്തകനും, സി പി എം ന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന പാലയൂര്‍ വലിയവളപ്പില്‍ സഖാവ് വി കെ രാജന്‍(74) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ആഗ്രഹപ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളേജിന് നല്‍കി. ഉച്ചകഴിഞ്ഞു ആശുപത്രി അധികൃതര്‍ എത്തി മൃതദേഹം കൊണ്ടു പോയി. ശാന്തയാണ് ഭാര്യ.
ബുധനാഴ്ച വൈകും വരെ രാജേട്ടന്‍ പാലയൂര്‍ സെന്ററിലെ ആന്റോ സൗണ്ടിന്റെ കടയുടെ ഉമ്മറത്തെ സ്ഥിരം കസേരയില്‍ ഉണ്ടായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പാലയൂര്‍ സെന്ററില്‍ എത്താത്ത ഒരു ദിവസവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കടുത്ത സി പി എം കാരനായിരുന്നെങ്കിലും കക്ഷി രാഷ്ട്രീയത്തിനും മതചിന്തകള്‍ക്കും അതീതമായി എല്ലാവരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. പാലയൂര്‍ പ്രദേശത്തിന്റെ വികസനം മനസ്സില്‍ സൂക്ഷിച്ചിരുന്ന രാജേട്ടന്‍ പൊതുപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയായിരുന്നു. ജനപ്രതിനിധികളെകൊണ്ട് പാലയൂരിനാവശ്യമുള്ള കാര്യങ്ങള്‍ യഥാസമയം ബോധ്യപ്പെടുത്തി ചെയ്യിക്കുമായിരുന്നു. ചില ഒറ്റയാള്‍ സമരങ്ങളും അദേഹം നടത്തിയിട്ടുണ്ട്. തെരുവ് വിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ചു വൈദുതി പോസ്റ്റില്‍ മെഴുകുതിരി കത്തിച്ചു വെച്ച് നടത്തിയ അദ്ദേഹത്തിന്റെ ഒറ്റയാള്‍ സമരം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാലയൂരിന്റെ കാവലാളായി ഇക്കാലമത്രയും പാലയൂര്‍കാര്‍ക്കൊപ്പമുണ്ടായിരുന്ന രാജേട്ടന്റെ മരണം പാലയൂര്‍ നിവാസികള്‍ക്ക് ഉള്‍കൊള്ളാന്‍ ആയിട്ടില്ല. എം എല്‍ എ ഉള്‍പ്പെടെ ജനപ്രതിനിധികളും, നൂറുകണക്കിനു പൊതുപ്രവര്‍ത്തകരും രാജേട്ടന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.