ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന പാലയൂര്‍ കണ്‍വന്‍ഷൻറെ ഭാഗമായ പതാക, ദീപശിഖ പ്രയാണങ്ങള്‍ വെള്ളിയാഴ്ച്ച എത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തില്‍അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പതാക, ദീപശിഖാ പ്രയാണങ്ങളുടെ അതിരൂപത തല ഉദ്ഘാടനം ചേലക്കരയില്‍ വികാരി ജനറാള്‍ മോണ്‍.ജോര്‍ജ്ജ് കോമ്പാറ നിർവഹിക്കും. ഇതേ സമയം ഒല്ലൂരിലെ വി.ഏവുപ്രാസ്യമ്മയുടെ ഖബറിടത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ.സജീവ് ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. ചേലക്കരയിലെ ദൈവദാസന്‍ ആൻറണി തച്ചുപറമ്പലിൻറെ ഖബറിടത്തില്‍ നിന്ന് പതാക പ്രയാണവും ഈ സമയത്ത് ആരംഭിക്കും. ചേലക്കര, വടക്കാഞ്ചേരി, ലൂര്‍ദ്ദ്, എരുമപ്പെട്ടി, വേലൂര്‍, പറപ്പൂര്‍, മറ്റം, പാലയൂര്‍ ഫൊറോനകളിലൂടെ പതാക പ്രയാണവും ഒല്ലൂര്‍, പുതുക്കാട്, പുത്തന്‍പള്ളി, പഴുവില്‍, കണ്ടശ്ശാംകടവ്, കൊട്ടേക്കാട് ഫൊറോനകളിലൂടെ ദീപശിഖാ പ്രയാണവും സഞ്ചരിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് അഞ്ചിന് ഇരു പ്രയാണങ്ങളും പാലയൂരിലെത്തും. തുടര്‍ന്ന് ദീപശിഖ സാക്ഷി നിര്‍ത്തി പതാക ഉയര്‍ത്തും. പാലയൂര്‍ മഹാതീര്‍ഥാടനത്തിൻറെ ഭാഗമായി മാര്‍ച്ച് 10 മുതല്‍ 14 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. ദിവസവും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയാണ് കണ്‍വന്‍ഷന്‍. തൃശൂര്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ടോണി നീലങ്കാവില്‍ സമാപന സന്ദേശം നല്‍കും. കണ്‍വന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നതിന് വിവിധ റൂട്ടുകളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20,000 പേര്‍ക്ക് പങ്കെടുക്കുന്നതിനുള്ള ഇരിപ്പിടങ്ങളാണ് കണ്‍വന്‍ഷനായി ഒരുക്കുന്നത്. വാർത്താ സമ്മേളനത്തിൽ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഇ.എഫ്. ആൻറണി, വര്‍ഗീസ് നീലങ്കാവില്‍.പി.ഐ.ലാസര്‍, സി.ജി. ജെയ്‌സണ്‍, ജോസ് വടുക്കൂട്ട്, ബോബ് എലുവത്തിങ്കല്‍ എന്നിവർ പങ്കെടുത്തു.