ചാവക്കാട്‌: 45 മീറ്റർ ബി.ഒ.ടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമവായത്തിലാണെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ചു അടിച്ചമർത്താമെന്നാണു സർക്കാരിന്റെ ഭാവമെങ്കിൽ അതി ശക്തമായി തന്നെ നേരിടുമെന്നും ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർ മാൻ ഇ.വിമുഹമ്മദലി പറഞ്ഞു.

ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ചാവക്കാട്‌ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്‌ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുപ്പത്‌ മീറ്ററിൽ പാത വികസിപ്പിക്കുന്നതിന്നു ഭൂമി വിട്ടു കൊടുക്കാൻ തയ്യാറായ ജനങ്ങളെ വികസന വിരോധികളെന്നും തീവ്രവാദികളെന്നും മുദ്ര കുത്തുന്നത്‌ ജനകീയ സർക്കാറിന്നു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര മേഖല ചെയർ മാൻ വി.സിദ്ധീഖ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺ വീനർ സി.കെ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാർട്ടി പ്രതിനിധികളായ ഫിറോസ്‌ പി.തൈപറമ്പിൽ, തോമസ്‌ ചിറമ്മൽ, ഒ.കെ.റഹീം, സി.കെ.കാദർ, സത്യൻ മാസ്റ്റർ, സി.വി.പ്രേം രാജ്‌, സി.ഷറഫുദ്ദീൻ, സി.ആർ.ഉണ്ണികൃഷ്ണൻ, കമറുദ്ദീൻ പട്ടാളം, പി.കെ.നൂറുദ്ദീൻ ഹാജി, ഉസ്മാൻ അണ്ടത്തോട്‌ തുടങ്ങിയവർ സംസാരിച്ചു.