ചാവക്കാട് : ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്ന മിന്നല്‍ പരിശോധന നടപടികളിലും വാര്‍ത്തകളിലും പുഴുവരിക്കുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് ഉദ്യോഗസ്ഥരുടെ നടപടിയും അതിനെ തുടര്‍ന്നുള്ള വാര്‍ത്തകളും. ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയും തുടര്‍ന്നുണ്ടായ വാര്‍ത്തകളിലുമാണ് പുഴുവരിക്കുന്നത്.
ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു എന്ന ആരോഗ്യ വിഭാഗത്തിന്‍റെ പത്രക്കുറിപ്പ് വാര്‍ത്തയായി വരുമ്പോള്‍ പുഴുവരിക്കുന്ന കോഴി, മീന്‍ എന്നെല്ലാമായി മാറുന്നു.
ഒരു ഉണക്ക വെള്ളപ്പം പിടിച്ചെടുത്ത ഹോട്ടലും, ദുര്‍ഗധം വമിക്കുന്ന വൃത്തി ഹീനമായ ഹോട്ടലുകളും ഒരേ ഗണത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.
കഴിഞ്ഞ ദിവസം ചാവക്കാട് സോനാ ബേക്കറിയില്‍ നിന്നും പുഴുവരിക്കുന്ന കോഴി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു എന്ന വ്യാഖ്യാനമാണ് ഗുരുതരമായ ആരോപണങ്ങളില്‍ ഒന്ന്. നഗരത്തില്‍ ഒന്‍പതു വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ സോനാ ബേക്കറി.

സ്നാക്സ് ഉണ്ടാക്കുന്നതിനു പുഴുങ്ങിവെച്ച കോഴി കഷ്ണങ്ങളാക്കുന്നതിനായി മാറ്റിവെച്ചിടത്ത്നിന്നാണ് അധികൃതര്‍ കൊണ്ട് പോയതെന്ന് സോനാ ബേക്കറി മാനേജര്‍ പറയുന്നു. വശങ്ങളില്‍ നെറ്റ് അടിച്ച് മറച്ചതാണ് ഇവരുടെ കിച്ചന്‍, ഭക്ഷണം പാകം ചെയ്യുന്ന സമയം നെറ്റിലെ ദ്വാരങ്ങളിലൂടെ ഭക്ഷണത്തില്‍ പ്രാണികള്‍ വന്നു വീഴാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് പുഴുങ്ങിയ കോഴി നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ ഇവിടെ നിന്നും കൊണ്ടുപോയത്. എന്നാല്‍ ഇവിടെ നിന്ന് പ്ലാസ്റ്റിക് ക്യാരി ഭാഗുകളും പിടിച്ചെടുത്തിരുന്നു. അതിന്റെ പിഴയും അടച്ചിരുന്നു.

സംഭവം കഴിഞ്ഞു മൂന്നു ദിവസത്തിനു ശേഷമാണ് പത്രങ്ങളില്‍ പുഴുവരിച്ച വാര്‍ത്തകള്‍ വരുന്നത്.