ഗുരുവായൂര്‍: ഏകാദശിക്ക് മുന്നോടിയായുള്ള വിളക്കാഘോഷം തുടങ്ങിയാല്‍ പിന്നെ കുലച്ച വാഴകള്‍ അന്വേഷിച്ച് സുധീര്‍ ഓട്ടം തുടങ്ങുകയായി. നല്ല ലക്ഷണമൊത്ത കുലച്ച വാഴകളാല്‍ ക്ഷേത്രപരിസരം അലംകൃതമാക്കി സുധീര്‍ സംപ്തൃപ്തിയടയും. പഴുന്നാന സ്വദേശി കാരങ്ങല്‍ സുധീര്‍ എത്തിക്കുന്ന കുലച്ച വാഴകളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലെ ചമയത്തിന് ഉപയോഗിക്കുന്നത്. വിളക്കാഘോഷം തുടങ്ങിയാല്‍ ക്ഷേത്രനടകളിലെ തൂണുകളിലും കമാനങ്ങളിലുമായി കുലച്ച വാഴകള്‍ വിതാനിക്കും. ആളൂര്‍, പോന്നൂര്‍, പുത്തൂര്‍, എടക്കളത്തൂര്‍ എിവിടങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് പ്രധാനമായും കുലച്ച വാഴകള്‍ കൊണ്ടുവരുന്നത്. ഒരു ദിവസം ഒത്തകുലകളുള്ള 50 വാഴകള്‍ വരെ അലങ്കാരത്തിനായി വേണ്ടി വരാറുണ്ട്. ആഘോഷത്തിന്റെ പൊലിമക്കനുസരിച്ച് ഇതില്‍ ഏറ്റകുറച്ചിലുണ്ടാകും.
കേരളീയ ശൈലിയിലുള്ള അലങ്കാരങ്ങളില്‍ ഒരു പതിറ്റാണ്ടിന്റെ അനുഭവം അവകാശപ്പെടാനുണ്ട് ഈ 40കാരന്. തയ്യല്‍ ജോലിക്കാരനായസുധീര്‍ തന്റെ 26-ാം വയസു മുതലാണ് ഈ ജോലി ഏറ്റെടുത്തത്. കുലവാഴവിതാനം ദര്‍ശിക്കുമ്പോള്‍ ഭക്തര്‍ക്കുണ്ടാകുന്ന ആനന്ദമാണ് ഈ അധ്വാനം തുടരാനുള്ള ആവേശമെന്ന് സുധീര്‍.
തൃപ്രയാര്‍ ഏകാദശിക്കും വാഴകള്‍ എത്തിച്ചു നല്‍കാറുണ്ട്. കാഴ്ചക്ക് മികച്ചതെന്ന് തോനുന്ന കുലകളുള്ള വാഴകള്‍ മാത്രമേ അലങ്കാരത്തിനായി ഉപയോഗിള്ളുക്കാറുള്ളൂവെന്നതിനാല്‍ ഈ മേഖലയില്‍ സുധീറിന് പകരക്കാരനില്ല.