ചാവക്കാട് : നിര്‍ധന രോഗിക്ക് സാന്ത്വനമായി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍മാര്‍ നിര്‍ധന യുവാവിന്‌ ചെയ്ത് നൽകിയത്.

മണലൂർ പാലാഴി കണിയാംപറമ്പിൽ സുധീഷിന്‍റെ(43) ചര്‍മ്മം നീങ്ങി ഗുരുതരമായി പഴുപ്പ് ബാധിച്ച കാല്‍ പാദത്തിലാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. ഡോ സുമിൻ സുലൈമാന്റേയും ഡോ ജയദേവന്റെയും നേതൃത്വത്തിലായിരുന്നു സര്‍ജറി.
മൂന്നു മാസം മുൻപാണ് സുധീഷിന് വാഹനാപകടത്തെ തുടര്‍ന്ന് കാലിൽ പൊട്ടലും മുട്ടിന് താഴേക്ക് ചർമ്മവും നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുധീഷിനു പ്രാഥമിക ഘട്ട ചികിത്സക്ക് തന്നെ എഴുപതിനായിരം രൂപയോളം ചെലവായി. പിന്നീട് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക സർജറി നടത്തുന്നതിനു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചിലവുവരുന്ന സര്‍ജറി നടത്താന്‍ സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന സുധീഷ്‌ താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.
സർജൻമാരായ ഡോ. സുമിൻ സുലൈമാന്റേയും ഡോ. ജയദേവന്റെയും നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കാലിൽ ചർമ്മമില്ലാതെ ഗുരുതരമായ രീതിയിൽ പഴുപ്പ് ബാധിച്ച് നടക്കാൻ പോലും സാധിക്കാതെയെത്തിയ സുധീഷ്‌ പൂർണ്ണ ആരോഗ്യവാനായി തികഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങിയത്.
ഇതിനു മുൻപ് തങ്ക, നാരായണൻ എന്നി രോഗികളിൽ തികച്ചും സൗജന്യമായി ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്‌തിരുന്നു. ഇതറിഞ്ഞാണ് സുധീഷ് ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിയത്.

ഫോട്ടോ : ഡോ. സുമിന്‍ സുലൈമാന്‍ രോഗിയോടൊപ്പം. ഇന്‍സെറ്റില്‍ കാല്‍പാദം ചര്‍മ്മം നീങ്ങിയ നിലയിലും സര്‍ജറിക്ക് ശേഷവും