ഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഗുരുവായൂര്‍ റീജണല്‍ ഓഫീസിനുകീഴില്‍ തിങ്കളാഴ്ച നടത്തിയ ഡ്രൈവിങ് ടെസ്റ്റില്‍ ടു വീലര്‍ ഒഴികെ മറ്റു ടെസ്റ്റുകള്‍ക്ക് ഒരാള്‍പോലും എത്തിയില്ല. ഉദ്യോഗസ്ഥരാണെങ്കില്‍ രണ്ടു മണിക്കൂറോളം കാത്തിരുന്ന് മടങ്ങി. ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂളുകളുടെ ബഹിഷ്‌കരണമാണ് ടെസ്റ്റിന് ആരും എത്താതിരിക്കാന്‍ കാരണം.
ഗുരുവായൂര്‍ ആര്‍.ടി. ഓഫീസിനു കീഴിലെ ടെസ്റ്റുകള്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിലാണ് നടത്താറ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ മിക്കവാറും 80-100 പേര്‍ ടെസ്റ്റിന് എത്താറുണ്ട്. രാവിലെ എട്ടര മുതലാണ് ടെസ്റ്റ്. മോട്ടോര്‍ വാഹന വകുപ്പിലെ ബന്ധപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്താനായി എത്തി. ടെസ്റ്റിനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുകയും ചെയ്തു. പത്തര കഴിഞ്ഞിട്ടും ഗ്രൗണ്ടിലേക്ക് ഒരാള്‍പോലും തിരിഞ്ഞുനോക്കാത്തത് ഉദ്യോഗസ്ഥരെ വട്ടംകറക്കി.
വാഹനം കയറ്റത്ത് നിര്‍ത്തി മുന്നോട്ടെടുക്കുകയും പിന്നിലേക്ക് നോക്കാതെ ഇരുവശങ്ങളിലെ കണ്ണാടികളില്‍ നോക്കി പിറകോട്ടെടുക്കുകയും ചെയ്യണമെന്നതാണ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരം. ഇത് നിലവില്‍ വന്നശേഷം ആദ്യം ടെസ്റ്റ് നടന്നത് ശനിയാഴ്ചയായിരുന്നു. അതില്‍ 19 പേര്‍ മാത്രമാണ് പങ്കെടുത്തത്. രണ്ടാമത്തെ ദിനമാണ് പൂര്‍ണ ബഹിഷ്‌കരണമുണ്ടായത്.