ചാവക്കാട് : അഞ്ചൂറ് ആയിരം രൂപാ നോട്ടുകള്‍ക്ക് പകരം രണ്ടായിരം ലഭിച്ച സാധാരണക്കാര്‍ വെട്ടിലായി. കച്ചവട സ്ഥാപനങ്ങളില്‍ പഴയ അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ സ്വീകരികില്ലെന്ന് ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങി ബില്‍ അടക്കുമ്പോഴാണ് രണ്ടായിരം രൂപാ എടുക്കില്ലെന്ന് പറയുന്നത്. ചിലര്‍ രണ്ടായിരം വേണ്ട എന്ന് ആദ്യമേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം പുഴക്കല്‍ പൂങ്കുന്നം റോട്ടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ചാവക്കാട് സ്വദേശി രണ്ടായിരം രൂപ നല്‍കിയത് വാക്കേറ്റത്തിനു കാരണമായി. അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ എടുക്കില്ല എന്ന് എഴുതിവെച്ച ബോര്‍ഡ് വായിച്ചാണ് രണ്ടായിരം രൂപ നോട്ടു കയ്യിലുള്ള ചാവക്കാട് സ്വദേശിയും  കുടുംബവും ഭക്ഷണം കഴിച്ചത്. നാനൂറു രൂപയുടെ ബില്ലടക്കാന്‍ രണ്ടായിരത്തിന്റെ നോട്ടു നല്‍കിയപ്പോഴാണ് ഹോട്ടല്‍ മാനേജര്‍ രണ്ടായിരം സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞത്. പിന്നീട് രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്ന് ഹോട്ടളിലുള്ള മുഴുവന്‍ ചില്ലറയും പെറുക്കി ബാക്കി നല്‍കുകയായിരുന്നു. ഗുരുവായൂരിലെ ഒരു പെട്രോള്‍ പമ്പില്‍ ആയിരം രൂപക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപെട്ടപ്പോള്‍ പുതിയ രണ്ടായിരം എടുക്കില്ലെന്നും പഴയ ആയിരം രൂപാ നോട്ടുണ്ടെങ്കില്‍ അടിക്കാമെന്നുമാണ് ജീവനക്കാരി പറഞ്ഞത്. രണ്ടായിരത്തിനു ബാക്കി തുക നൂറു രൂപാ നോട്ടിലോ അതിലും ചെറിയ രൂപാ നോട്ടിലോ നല്‍കാനില്ലാത്തതാണ് കാരണം എന്ന് പിന്നീട് അവര്‍ വിശദീകരിച്ചു. ഇതേ സമയം ബാങ്കുകളിലും നൂറു രൂപാ നോട്ടുകള്‍ എത്തിയിട്ടില്ല. ഇന്ന് വിതരണം ചെയ്യാനായി ചാവക്കാട് സൌത്ത്ഇന്ത്യന്‍ ബാങ്കില്‍ എത്തിയിട്ടുള്ള പത്തു ലക്ഷം രൂപയില്‍ ആറു ലക്ഷം രൂപയും  രണ്ടായിരത്തിന്റെ നോട്ടുകളും ബാക്കി നാല് ലക്ഷം പത്ത് രൂപാ നോട്ടുകളുമാണ്. വളരെ ബുദ്ധിമുട്ടിയാണ് പത്ത് രൂപാ നോട്ടുകള്‍ സംഘടിപ്പിച്ചതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.  പുതിയ നൂറു രൂപാ നോട്ടുകള്‍ വന്നിട്ടില്ലെന്നും നൂറു രൂപയുടെ പഴയ  നോട്ടുകള്‍ പൂഴ്ത്തി വെപ്പ് നടന്നിട്ടുണ്ടെന്നും അതിനാലാണ് മാര്‍ക്കറ്റില്‍ നോട്ടു ക്ഷാമം എന്നും അദ്ദേഹം പറഞ്ഞു. പുതിയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ കേരളത്തില്‍ ഇതുവരെയും എത്തിയിട്ടില്ല.