ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമഹോല്‍സവം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്  ക്ഷേത്രം ഭാരവാഹികളായ എം ബി സുധീര്‍, എം ടി ബാബു, വി എ സിദ്ധാര്‍ത്ഥന്‍, ഇ വി ശശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ചുറ്റു വിളക്കും  നിറമാലയും ഉത്‌സവ തലേദിവസമായ ബുധനാഴ്ച സമാപിക്കും. മേടമാസത്തിലെ രോഹിണി നാളായ വ്യാഴാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജ, ഉദയാസ്തമനപൂജ  തുടങ്ങിയ പൂജാദികര്‍മ്മങ്ങള്‍ നടക്കും. പറ വെയ്പ്പ്, കാവടിയഭിഷേകം, പട്ടുചാര്‍ത്തലും പൊന്‍വേല്‍ സമര്‍പ്പണം എന്നിവയും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ക്ഷേത്രത്തില്‍ ഗജവീരന്റെ അകമ്പടിയോടെ  ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിക്കും. ഗുരുവായൂര്‍ ഗോപമാരാരുടെയും പറമ്പന്തള്ളി വിജേഷിന്റെയും നേതൃത്വത്തിലുള്ള ചെണ്ടമേളം അകമ്പടിയാകും. തുടര്‍ന്ന് ശ്രീരുദ്ര, സ്നേഹവേദി, ടീം ഫോക്‌സ്, ബ്‌ളാക്ക് ക്യാറ്റ്, റസ്ത ബ്രദേഴ്‌സ്, ടീം ഓഫ് ബെറിട്ട എന്നീ ദേശകമ്മിറ്റികളുടെ സ്വാമിതുള്ളല്‍, കാവടി, ഗജവീരന്‍മാര്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആറ് മേഖലകളില്‍നിന്നുള്ള എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിചേര്‍ന്ന് അഞ്ചരയ്ക്ക് കൂട്ടി എഴുന്നെള്ളിപ്പ് നടക്കും. കൂട്ടി എഴുന്നെള്ളിപ്പില്‍ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്‍മാരായ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പുതുപ്പള്ളി കേശവന്‍, ചിറക്കല്‍ കാളിദാസന്‍, മംഗലംകുന്ന് കര്‍ണന്‍, മംഗലംകുന്ന് അയ്യപ്പന്‍, പാമ്പാടി രാജന്‍, ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍, ഉട്ടോളി അനന്തന്‍, ചിരോത്ത് രാജീവ്, തൊട്ടേക്കാട്ട് വിനായകന്‍, തൊട്ടേക്കാട്ട് പാര്‍ത്ഥസാരഥി, ജൂനിയര്‍ വിഷ്ണു എന്നിവര്‍ അണിനിരക്കും.  വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴുമുതല്‍ മാളികപ്പുറം വനിതകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി എട്ടിന് സന്നിധാനം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാന്‍സി വെടിക്കെട്ടും നടക്കും. ഉത്‌സവത്തിന്റെ വിജയത്തിനായി രക്ഷാധികാരി മോഹഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി യതീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.