പേരകം : മീന്‍ പിടിക്കാന്‍ വെച്ച ‘കുരുത്തി’യില്‍ മലമ്പാമ്പുകള്‍ കുടുങ്ങി. പേരകം ഹരിദാസ് നഗറിന് സമീപത്തെ പാടത്തുള്ള തോട്ടില്‍ നാട്ടുകാരനായ ചന്ദ്രന്‍ മീന്‍ പിടിക്കുന്നതിനായി വെച്ച കുരുത്തിയിലാണ് പാമ്പുകള്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് കുരുത്തി വെച്ചത്. അതിരാവിലെ പ്രതീക്ഷയോടെ എത്തിയപ്പോഴാണ് കുരുത്തി നിറഞ്ഞു നില്‍ക്കുന്നത് കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് കുരുത്തി നിറയെ മലമ്പാമ്പുകളാണെന്ന് ചന്ദ്രനു മനസ്സിലായത്. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. കുരുത്തിയില്‍ നിന്നും രണ്ടു മലമ്പാമ്പുകളെ ലഭിച്ചു. വനം വകുപ്പില്‍ വിവരം അറിയിച്ച് ഉദ്യോഗസ്ഥരുടെ വരവും കാത്ത് പാമ്പിനു കാവലിരിക്കുകയാണ് ചന്ദ്രനും നാട്ടുകാരും.