IMG-20171225-WA0087ദോഹ : കലാഭവന്റെ മിമിക്രി വേദികളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും സുപരിചിതനായ ചാവക്കാട് സ്വദേശി കലാഭവൻ ഷംനവാസ് ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പുതിയ ഹിന്ദി സംഗീത വീഡിയോയിലൂടെ സംവിധാന രംഗത്തും ശ്രദ്ധേയമാകുന്നു.
ഉപരോധത്തിന്റെ പ്രതിസന്ധികളിൽ പതറാൻ തയ്യാറല്ലാത്ത ഖത്തർ അത്യധികം ആവേശത്തോടെ ആഘോഷിച്ച ഈ വർഷത്തെ ദേശീയ ദിനത്തിൽ ഇന്ത്യക്കാർക്ക് കൂട്ടായി “കഹോ കഹോ സുനോ സുനോ ” എന്ന ഗാനവുമുണ്ടായിരുന്നു. ഈ ഗാനത്തിന്റ വീഡിയോ സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഷംനവാസ്.
ഒരു പ്രവാസി തനിക്ക് അന്നം തരുന്ന ഒരു രാജ്യത്തിന് നൽകുന്ന സ്നേഹോപഹാരമാണ് ഈ വീഡിയോ .
മൻസൂർ ഫാമി എന്ന അനുഗ്രഹീത ഗായകന്റെ സംഗീതവും ഫൗസിയ അബൂബക്കറിന്റെ രചനയും മൻസൂർ ഫാമിയുടെയും നിരൻജ്‌ സുരേഷിന്റെയും ആലാപനവും റാം സുന്ദറിന്റെ ഓർക്കസ്ട്രേഷനും
ഷജീർ പപ്പയുടെ ക്യാമറയും ഈ വിജയത്തിന്റെ മുഖ്യപങ്ക്‌ ഘടകങ്ങളാണ്.
റബീഹ് ഇബ്രാഹിമിന്റെ എഡിറ്റിംഗ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .
ആർക്കും ചുവടുവെക്കാൻ തോന്നുന്ന രീതിയിൽ ഈ വീഡിയോയിൽ നൃത്തസംവിധാനം ചെയ്തിരിക്കുന്നത് ദോഹയിലെ D4 ഡാൻസ് ടീമംഗം പ്രമോദ് സി എം ആണ്.
മൻസൂർ ഫാമി പാടി അഭിനയിച്ച്
ദോഹ കോർണിഷ്, ഇസ്ലാമിക് മ്യൂസിയം പാർക്ക്, കത്താറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദോഹ ഹാർബർ, ബീച്ചുകൾ തുടങ്ങിയ മനോഹര സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ വീഡിയോ ഖത്തർ ദേശീയദിനത്തിന്റെ കഴിഞ്ഞ കാല ചിത്രങ്ങളും നമുക്ക് കാണിച്ചു തരുന്നു.
ഖത്തറിൽ ഇന്ത്യക്കാർക്കു പുറമെ മറ്റു രാജ്യക്കാർ കൂടി ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.
ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകൾ ഈ മനോഹര സംഗീത ദൃശ്യവിരുന്നു യുട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടുകഴിഞ്ഞു .
ഉപരോധം വാർത്തകളിലൂടെ മാത്രം അനുഭവിച്ചറിഞ്ഞ പ്രവാസികൾ അവശ്യ സമയത്തു തങ്ങൾക്ക് തണലായ രാജ്യത്തിനും നേതാവിനും നൽകുന്ന പിൻതുണയും പ്രണാമവുമാണ് മലയാളി യുവാക്കൾ ഒരുക്കിയ ഈ ഹിന്ദി ആൽബം.
5 മിനിറ്റ് 44 സെക്കൻഡ് ഉള്ള ഈ കലാസൃഷ്ടി സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ആവേശം പകരുന്നതാണ് .
ഒട്ടേറെ വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുള്ള ഷംനവാസ് ചാവക്കാട് തെക്കഞ്ചേരി വൈശ്യം വീട്ടിൽ അലിക്കുട്ടി, സുബൈദ ദമ്പതികളുടെ മകനാണ്.
ഭാര്യ നഗീനയും അനാൻ, നസ്‌നീൻ, നൈന എന്നീ മൂന്നു മക്കളും അടങ്ങിയതാണ് ഈ 43കാരന്റെ കുടുംബം.