ചാവക്കാട് : രോഗബാധയെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട വയോധികനെ അവശനിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വൃദ്ധസദനത്തില്‍ നിന്നും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണത്തല നെടിയേടത്ത് രാജനാണ് (74) വൃക്ക രോഖത്തെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയില്‍നിന്നും കൊടുക്കുന്ന മരുന്നും ദ്രവരൂപത്തിലുള്ള ഭക്ഷണവുമാണ് രാജന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകര്‍ രാജന്റെ ദയനീയ അവസ്ഥ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജനെ പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യപ്രവര്‍ത്തന സമിതി ഡയറക്ടര്‍ സി എല്‍ ജേക്കബിന്റെ നേതൃത്വത്തില്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന രാജനെ നഴ്‌സുമാരും സമീപ ബെഡുകളിലെ രോഗികളുടെ ബന്ധുക്കളുമാണ് പരിചരിക്കുന്നത്. രണ്ടാഴ്ച മുമ്പ് രാജനെ ചാവക്കാട് പോലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് വൃദ്ധമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. അവിടെ കഴിയവെയാണ് രോഗം മൂര്‍ഛിച്ചത്. രാജന്റെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചാവക്കാട് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്ന് സി എല്‍ ജേക്കബ് പറഞ്ഞു. രാജന്റെ അവസ്ഥയെ കുറിച്ച് പോലീസും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നിര്‍ധനനായ രാജന്റെ സംരക്ഷണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് വാര്‍ഡ് കൗണ്‍സിലറും ചാവക്കാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ എ മഹേന്ദ്രന്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തകര്‍ രാജന്‍റെ ദയനീയ അവസ്ഥ മക്കളെ അറിയിച്ചെങ്കിലും മക്കള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ സ്വത്തുക്കള്‍ മക്കള്‍ക്ക് നല്‍കിയ ശേഷം രണ്ടാമത്തെ ഭാര്യ യുമായി കഴിയുകയായിരുന്നു രാജന്‍. രണ്ടാം ഭാര്യയും അസുഖ ബാധിതയായി കിടപ്പിലയാപ്പോഴാണ് ജീവ കാരുണ്യ പ്രവര്‍ത്തകര്‍ രാജനെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് എതിര്‍വശത്തെ ജ്യോതി ഹോട്ടല്‍ ഉടമയായിരുന്ന രാജന്‍റെ മക്കളും ബന്ധുക്കളും നല്ല നിലയില്‍ ജീവിക്കുന്നവരാണ്. മകള്‍ നഗര സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്ഥാനാര്‍ഥിയായിരുന്നു. മകന്‍ വിദേശത്തുമാണ് ജോലി ചെയ്യുന്നത്.