ചാവക്കാട് : മുല്ലത്തറ മുതൽ അഞ്ചങ്ങാടി വരെ പുതുക്കി പണിത റോഡിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ചാവക്കാട് പി ഡബ്ലിയു ഡി, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്ക് ബിജെപി മുനിസിപ്പൽ കമ്മറ്റി നിവേദനം നൽകി.
വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനായി ഹമ്പുകൾ, സ്പീഡ് ബ്രേക്കറുകൾ, സ്പീഡ് ബാരിയറുകൾ തുടങ്ങിയവ സ്ഥാപിക്കുക, അപകടമേഖല – സ്പീഡ് ലിമിറ്റ് എന്നിവയുടെ സൈൻബോർഡുകൾ സ്ഥാപിക്കുക, സ്കൂൾ പരിസരങ്ങളിൽ വാഹനസുരക്ഷാ പരിശോധന കർശനമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി നിവേദനം നൽകിയത്. ബിജെപി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ്‌ പ്രസന്നൻ പാലയൂർ, ജനറൽ സെക്രട്ടറി ഷിജിൻ പൊന്നരാശ്ശേരി, ജില്ലാസമിതിയംഗം അൻമോൽ മോത്തി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആവശ്യങ്ങൾ പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.
പരിസര പ്രദേശങ്ങളിലെ മറ്റു റോഡുകൾ പൊളിഞ്ഞു കിടക്കുന്നതിനാൽ ഭൂരിപക്ഷം വാഹനങ്ങളും ആറു മാസം മുൻപ് പുതുക്കി നിർമ്മിച്ച പ്രസ്തുത പാതയാണ് ഉപയോഗിക്കുന്നത്. നല്ല റോഡ് ആയതിനാൽ വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങളും സ്ഥിരമാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചും കാൽനടക്കാരെ വാഹനമിടിച്ചും ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമാണ്