പുന്നയൂര്‍ : കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്‍.ഐ.ഡി.എഫ്. പദ്ധതിപ്രകാരമാണ് തുക ലഭ്യമാവുക. തരിശുരഹിത പുന്നയൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുട്ടാടന്‍ പാടശേഖരത്ത് കൂടുതല്‍ഭാഗങ്ങളില്‍ കൃഷിയിറക്കുന്നത്. പഞ്ചായത്തിലെ 900 ഏക്കര്‍ പാടശേഖരത്തില്‍ 210 ഏക്കറില്‍ ഇതുവരെ കൃഷിയിറക്കിയിട്ടുണ്ട്. 435 ഏക്കറുകൂടി പദ്ധതിപ്രകാരം ഇത്തവണ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടാന്‍പാടശേഖരത്തിലെ നെല്ല് ഇവിടെത്തന്നെ കുത്തി കുട്ടാടന്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വീട്ടില്‍ത്തന്നെ നൂറുകിലോ അരി കുത്തിയെടുക്കാന്‍ കഴിയുന്ന 60 മിനി മില്ലുകള്‍ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. നെല്ലുപുഴുങ്ങുന്നതിനു ബോയിലിങ് സംവിധാനവും പണിപ്പുരയിലാണ്. രണ്ടുംചേര്‍ന്ന യൂണിറ്റ് കുടുംബശ്രീയ്ക്ക് നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീലാ വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഉമ്മര്‍, പഞ്ചായത്തു പ്രസിഡന്റ് എം.കെ. ഷഹര്‍ബാന്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ ഇന്‍ ചാര്‍ജ് എല്‍. ജയശ്രീ, ജനപ്രതിനിധികളായ ടി.എ. ആയിഷ, ആര്‍.പി. ബഷീര്‍, സീനത്ത്, ഐ.പി. രാജേന്ദ്രന്‍, ഷാജിത, എം.വി. ഹൈദരലി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. വിജയന്‍, പി.ആര്‍. ശ്രീലത, കെ.എ. സബിദ, ടി.പി. ബൈജു, കൃഷിഓഫീസര്‍ എസ്. ബൈജു എന്നിവർ സംസാരിച്ചു.