ഗുരുവായൂർ : ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നാളുകളായി നടന്നു വരുന്ന അനീതിക്കെതിരെ ഗുരുവായൂർ ആർ ടി ഒ ക്ക് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ദീർഘദൂരയാത്രക്കാരെ മാത്രം ബസ്സിൽ കയറ്റുകയും ഹ്രസ്വ ദൂരക്കാരെ കയറ്റാതെ പുറത്തു നിർത്തി ബസ്സ് പുറപ്പെടുമ്പോൾ മാത്രം ബസ്സിൽ കയറ്റുകയും ചെയ്യുന്ന പ്രവണതക്കെതിരെ യാത്രക്കാരനും പാവറട്ടിയിലെ പൊതുപ്രവർത്തകനുമായ രഞ്ജിത്ത് വെണ്ണക്കൽ ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി മുമ്പാകെ പരാതി നൽകി. ഈയിടെ രജ്ജിത്ത് വെണ്ണക്കലും ഗർഭിണിയായ ഭാര്യയും ചൂണ്ടൽ ആശുപത്രിയിൽ പോകുന്നതിനായി ബസ്സിൽ കയറവെ അടുത്തുള്ള സ്ഥലമാണെന്ന് പറഞ്ഞ് ബസ്സ് ജീവനക്കാർ തടയുകയായിരുന്നു. പുറകിലുള്ള ബസ്സിൽ കയറാൻ ശ്രമിച്ചപ്പോഴും ഇതു തന്നെയായിരുന്നു ഫലം. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ഗുരുവായൂർ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നാളുകളായി നടന്നുവരുന്ന പ്രവർത്തനമാണെന്നു മനസിലാക്കി അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തരം ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി മുമ്പാകെ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ഫയലാക്കുന്നതിന് ഗുരുവായൂർ ആർ ടി ഒ ക്ക് നോട്ടീസ് നൽകുകയായിരുന്നു.