ചാവക്കാട്: ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും മൂന്നു ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടെത്തി. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കമ്മറ്റി ഭാരവാഹികള്‍ വിവരം അറിയുന്നത്. പള്ളിയും പരിസരവും വൃത്തിയാക്കുന്ന ആളാണ്‌ പള്ളിക്കാട്ടിലെ ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടത്. ഉടനെ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ മറവിലാണ് കളവ് നടന്നിട്ടുള്ളത്. പള്ളിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഒന്‍പതും, പന്ത്രണ്ടും ഇഞ്ച് വണ്ണമുള്ളതാണ് കളവുപോയ ചന്ദന മരങ്ങള്‍. ലക്ഷങ്ങള്‍ വിലവരുമെന്നാണ് നിഗമനം. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.