ഗുരുവായൂര്‍: സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായി സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമവും എ.കെ.ജി. സദനത്തില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളെ തകര്‍ത്ത് നാടിനെ വട്ടിപ്പലിശക്കാര്‍ക്ക് മുന്നിലെക്കിട്ടുകൊടുക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്ന ഒരു ഘട്ടത്തിലും പങ്കാളിയായിട്ടില്ലാത്ത സംഘ് പരിവാര്‍ കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ അപമാനിക്കുകയാണ്. സംസ്ഥാനം ഭരിച്ച ആദ്യ രണ്ട് ഇ.എം.എസ് മന്ത്രിസഭകളാണ് കേരളത്തിന്റെ മുന്നേറ്റത്തിന് വിത്ത് പാകിയതെുന്നും ബേബി ജോണ്‍ പറഞ്ഞു.
എ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, സി. സുമേഷ്, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, മുന്‍ നഗരസഭാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, എം.ആര്‍. രാധാകൃഷ്ണന്‍, ആര്‍.വി. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.