കടപ്പുറം: ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി. ഓരോ വീട്ടിലും ഓരോ തുണി സഞ്ചി സൗജന്യമായി നൽകുന്ന പരിപാടിക്കാണ് തുടക്കമായത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കടപ്പുറത്തെ ആറായിരത്തി എഴുനൂറ് വീടുകളിൽ സഞ്ചി നൽകും. മികച്ച തുണിയിൽ നിർമ്മിച്ച തുണി സഞ്ചി രണ്ട് വർഷത്തോളം ഉപയോഗിക്കാൻ കഴിയും. കടകളിൽ നിന്നും മറ്റുമായി ദിനേന ഒന്നിലധികം പ്ലാസ്റ്റിക് കവറുകളാണ് വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിൽ ആയിരക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികളാണ് വീടുകളിൽ കൊണ്ട് വന്ന് കൂട്ടുന്നത്. ഇത്തരത്തിൽ എത്തുന്ന സഞ്ചികൾ പൊതുസ്ഥലത്ത് വലിച്ചെറിയുകയും അത് മൂലം വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുണി സഞ്ചി വിതരണ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ ഓരോ വീടുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സഞ്ചികൾ എത്തിക്കും. കടപ്പുറം ഗ്രാമ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബരതീഷ് അദ്ധ്യക്ഷയായി. മെമ്പർമാരായ കാഞ്ചനമൂക്കൻ, എം.കെ.ഷൺമുഖൻ, നിത വിഷ്ണുപാൽ, റസിയ അമ്പലത്ത്, റഫീഖ ടീച്ചർ, ഷൈലമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ്, ബെന്നി തുടങ്ങിയവർ സംസാരിച്ചു.