ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇരു മുന്നണികളും ഹൈജാക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സിമിതി അംഗം എം ഫാറൂഖ് പറഞ്ഞു. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് ഹൈജാക്ക് ചെയ്യുമ്പോള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തികള്‍ എംഎല്‍എയും ഹൈജാക്ക് ചെയ്യുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നിറം കാണുന്നത് ശരിയായ നിലപാടല്ല. ഇത്തരത്തിലുള്ള നിലപാടുകള്‍ വികസന മുരടിപ്പിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ ഇതിനു പരിഹാരം കാണാന്‍ എംഎല്‍എയും പഞ്ചായത്ത് അധികൃതരും നടപടികള്‍ കൈകൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഐഎസ്എഫ് സംസ്ഥാന സമിതി അംഗം ഷംസുദ്ദീന്‍, നിസാം ബുഖാറയില്‍ എന്നിവര്‍ സംസാരിച്ചു.
എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളായി കെ എച്ച് ഷാജഹാന്‍ (പ്രസിഡന്റ്), ടി എസ് സക്കീര്‍ഹുസൈന്‍ (സെക്രട്ടറി), പി എം അയ്യൂബ് (ട്രഷറര്‍), അന്‍വര്‍ സാദിഖ് (വൈസ് പ്രസിഡന്റ്), ഇബ്രാഹിം പുളിക്കല്‍ (ജോയന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ടി എം അക്ബര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.