പുന്നയൂർക്കുളം : പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി. മാറ്റിപ്പാര്‍പ്പിച്ചവര്‍ തിരിച്ച് വീടുകളിലെത്തി. വീടുകളുടെ പരിസരങ്ങളില്‍നിന്ന് വെള്ളം വലിഞ്ഞെങ്കിലും തിരയോടൊപ്പം തീരത്തടിഞ്ഞ ചെളി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്ന് കുടുംബങ്ങളെയാണ് പെരിയമ്പലത്ത് മാറ്റിപ്പാര്‍പ്പിച്ചത്. ശക്തമായ തിരമാലയില്‍ ബീച്ചിലുണ്ടായിരുന്ന തിരുത്തിയില്‍ കുഞ്ഞാമുവിന്‍റെ കട നിലംപൊത്തി. വൈദ്യുതിക്കാല്‍ ചെരിഞ്ഞു. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ചെളി നിറഞ്ഞു. തീരങ്ങളിലെ മണ്‍തിട്ടകള്‍ തകര്‍ന്നു. ഓരങ്ങളിലുള്ള തെങ്ങുകളും കാറ്റാടിമരങ്ങളും ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. സന്ദര്‍ശകര്‍ ഏറെയെത്തുന്ന പെരിയമ്പലത്ത് മരങ്ങള്‍ വീഴാറായി നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നാട്ടുകര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് ശക്തമായ തിരമാലകളോടെ കടലേറ്റമുണ്ടായത്. 200 മീറ്റര്‍ കടല്‍ കയറി. കടല്‍ കയറിയ വാര്‍ത്തയറിഞ്ഞ് നിരവധി ആളുകള്‍ ബീച്ചില്‍ എത്തിയത് തീരനിവാസികളെ ആശങ്കയിലാഴ്ത്തി. രാത്രി ഏറെനേരം തീരദേശ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. എടക്കഴിയൂര്‍, ഒറ്റയിനി, തങ്ങള്‍പ്പടി, പാലപ്പെട്ടി, കാപ്പരിക്കാട്, അണ്ടത്തോട് ഭാഗങ്ങളിലും ശക്തമായ തിരയടിച്ചു. തങ്ങള്‍പ്പടിയില്‍ 310 ബീച്ച് തീരത്തേക്കുള്ള റോഡുകള്‍ തകര്‍ന്നു. അണ്ടത്തോട് മത്സ്യത്തൊഴിലാളികളുടെ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡ് വെള്ളത്തിലായി. തീരത്തുണ്ടായിരുന്ന വഞ്ചികള്‍ കൂട്ടിയിടിച്ച് കേടുപറ്റി. പ്രദേശത്ത് ഒരു ദിവസത്തേയ്ക്ക് കൂടി ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. നിരീക്ഷണ ബോട്ടുകള്‍ മാത്രമാണ്      കടലിലിറങ്ങുന്നത്.