ചാവക്കാട്: കടല്‍ ക്ഷോഭത്തില്‍ കടപ്പുറം പഞ്ചായത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.
കടപ്പുറം പഞ്ചായത്തില്‍ ബ്ളാങ്ങാട് മുതല്‍ മുനക്കക്കടവ് വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ശക്തിയാര്‍ജിച്ചത്. വ്യാഴാഴ്ച്ച രാത്രി 9 നു ശേഷമുണ്ടായ കാറ്റിനു മഴക്കുമൊപ്പം ശക്തിയാര്‍ജിച്ച കടല്‍ ക്ഷോഭം വെള്ളിയാഴ്ച്ച ഉച്ചക്ക് 12 ഓടെ കൂടുതല്‍ ക്ഷോഭിക്കുകയായിരുന്നുവെന്ന് തീര വാസികള്‍ പറഞ്ഞു. കടല്‍ ക്ഷോഭത്തില്‍ തീരയടിച്ചു കയറി നാശം വിതക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കെട്ടിയ സുരക്ഷാ മതില്‍ പലയിടത്തും തകര്‍ന്നതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. നേരത്തെ തകര്‍ന്ന കടല്‍ ഭിത്തി അറ്റ കുറ്റ പണി നടത്താതിരുന്നതും സമീപത്തെ ഭിത്തികള്‍ തകരാന്‍ കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആനന്ദവാടി മുതല്‍ മരക്കമ്പനി വരേയുള്ള ഭാഗങ്ങളിലും പുതുതായി കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിട്ടുള്ളത്. മേഖലയിലെ അറക്കല്‍ മുഹമ്മദാലി, ചാലില്‍ മുഹമ്മദ് മോന്‍, ആനാംകടവില്‍ ഹുസൈന്‍, പൊന്നാക്കാരന്‍ റാഫി, ചിന്നക്കല്‍ ബക്കര്‍, ആനാംകടവില്‍ കുഞ്ഞിമോന്‍, രായം മരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ചേരിക്കല്‍ സഫിയ, ചിന്നക്കല്‍ റംല, പാറപ്പുറത്ത് മുഹമ്മദ് എന്നിവരുടെ വീടുകളിലാണ് കടല്‍ വെള്ളം കയറിയത്. കടല്‍ ക്ഷോഭകാലത്ത് ഇവര്‍ക്ക് ഈ വീടുകളില്‍ താമസിക്കാനാകാത്ത അവസ്ഥയാണ്. കടല്‍ വെള്ളം കയറി വെള്ളക്കെട്ടുയര്‍ന്നതിനാല്‍ ഇവര്‍ക്ക് പ്രാഥമിക കാര്യങ്ങളും പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. കടലാക്രമണമുണ്ടായ വീടുകള്‍ക്ക് മുമ്പില്‍ അടിയന്തിരമായി മണ്ണും കല്ലുമിറക്കി വെള്ളം ഇരച്ചത്തെുന്നത് തയണമെന്ന് ചേരിക്കല്‍ റംലയുള്‍പ്പടെ വീട്ടുകാരില്‍ പലരും അവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരസിരവാസികള്‍ ആരോപിക്കുന്നു. കടല്‍ ഭിത്തി തകര്‍ന്നതാണ് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷമാകാന്‍ കാരണമെന്ന് പഴയ തലമുറയിലെ മത്സ്യത്തൊഴിലാളി കോളഞ്ഞാട്ടില്‍ കൃഷണന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ നീരിക്ഷിക്കുന്നുണ്ട്. മുനക്കക്കടവ് അഴിമുഖത്ത് നിര്‍മ്മിച്ചതുപോലെ പുലിമുട്ടുകള്‍ ഇടവിട്ടുള്ള സ്ഥലങ്ങളില്‍ നിര്‍മ്മിച്ചാലെ തിരമാലകളുടെ ശക്തി കുറക്കാനും കരയില്‍ അടിച്ചുകയറി അതു കൊണ്ടുള്ള നാശ നഷ്ടങ്ങള്‍ കുറക്കാന്‍ കഴിയൂവെന്നും ഇവര്‍ വിശ്വസിക്കുന്നു. കടല്‍ ക്ഷോഭം ഇനിയും ശക്തമാകാനാണ് സാധ്യതയെന്നും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്.