ചാവക്കാട്: ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്ട്ടര്‍ അവാര്‍ഡ്. 1972 മുതല്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്ന ഷംസുധീന്‍ തന്റെ ബിസിനസ് പച്ച പിടിച്ചതോടെയാണ് നിര്‍ദ്ധനരായ സമൂഹത്തിന്റെ കൈ താങ്ങായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. 1986 മുതല്‍ ജീവകാരുണ്യ രംഗത്ത് സജീവമായി.  വലതു കൈ കൊണ്ടുകൊടുക്കുന്നത് ഇടതുകൈ അറിയാതെ സമൂഹത്തിലെ നിര്‍ദ്ധനര്‍ക്ക് തണലായി.  അര്‍ബുദം മൂലം പ്രയാസപ്പെടുന്നവര്‍ക്കായി ഗുരുവായൂര്‍ കേന്ദ്രമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിനു നേതൃത്വം നല്‍കി വൈസ്പ്രസിണ്ടന്റായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  പിന്നീട്  ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ച്  വര്‍ഷങ്ങളോളം രോഗികള്‍ക്കും പരിചാരകര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിക്കു നേതൃത്വം നല്‍കി. വൃക്ക രോഗികള്‍ക്കായി നേതൃത്വം നല്‍കുന്ന കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  പ്രസിണ്ടന്റ് സ്ഥാനത്തെത്തി. നിരവധിരോഗികള്‍ക്ക് ഡയാലിസസ് സഹായം എത്തിക്കാന്‍ നേതൃത്വം നല്‍കി.  ഷെല്ട്ടര്‍ പ്രസിണ്ടന്റായും, എം എസ് എസ്  സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നൂറുകണക്കിനു അമ്മമാര്‍ക്ക് പ്രതിമാസപെഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.  ഗുരുവായൂര്‍ ചേമ്പര്‍ ഓഫ്  കോമോഴ്‌സിന്റെ വിശക്കുന്ന വയറിന് ഒരുപൊതി ചോറ് എന്ന പദ്ധതിയിലും സജീവ സാനിധ്യമായി ഷംസുദ്ധീന്‍ രംഗത്തുണ്ട്.  2013 ല്‍ കെ കരുണാകരന്‍ വെല്‍ഫയര്‍ സൊസൈറ്റി ജീവകാരുണ്യ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഫാത്തിമ്മ ഗ്രൂപ്പ് എം ഡി ഇ പി മൂസ ഹാജിയില്‍ നിന്നാണ്  ഷെല്‍ട്ടര്‍ പുരസ്‌കാരം വാങ്ങിയത്. മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.