ചാവക്കാട് : സമൂഹത്തില്‍ സൌഹൃദം ഊട്ടി ഉറപ്പിച്ച സമൂഹ നോമ്പ് തുറകള്‍ക്ക് ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. റമദാന്‍ ആദ്യവാരം മുതല്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹ നോമ്പ് തുറകള്‍ സംഘടിപ്പിച്ചിരുന്നു. നഗരസഭകള്‍, പഞ്ചായത്തുകള്‍, മഹല്ല്, കമ്മിറ്റികള്‍, സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സംഘടിപ്പിക്കപ്പെട്ട നോമ്പ് തുറ പരിപാടികള്‍ മാനവ സാഹോദര്യത്തിന്‍റെ സുഗന്ധം പരത്തി. ഓരോ നോമ്പ് തുറകളും സൌഹൃദോത്സവമാക്കാന്‍ സംഘാടകര്‍ക്കായി.
ആരോഗ്യം ആത്മീയം സാമൂഹികം തുടങ്ങിയ മേഖലകളില്‍ നോമ്പ് കാലം നല്‍കുന്ന ചൈതന്യം സദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകള്‍, ചാവക്കാട് വ്യാപാരി വ്യവസായി അസോസിയേഷന്‍, പുന്ന ബെറിട്ട, തിരുവത്ര നന്മ ക്ലബ്ബുകള്‍, ഒരുമനയൂര്‍ എം ഇ എസ്, സോളിഡാരിറ്റി, തുടങ്ങിയ സംഘടനകള്‍, ചാവക്കാട് ട്രിപ്പില്‍ എക്സ് ഹെല്‍ത്ത് ക്ലബ്, മുതുവട്ടൂര്‍ മഹല്ല് കമ്മിറ്റി തുടങ്ങി നിരവധി കൂട്ടായ്മകള്‍ സമൂഹ നോമ്പ് തുറകള്‍ സംഘടിപിച്ചു.
വിഷമില്ലാത്ത നാടന്‍ വിഭവങ്ങള്‍ കൊണ്ടുള്ള ജീവ ഗുരുവായൂരിന്‍റെ നോമ്പ് തുറയും, ആശുപത്രികളില്‍ ഭക്ഷണമെത്തിച്ചുള്ള സോളിഡാരിറ്റിയുടെ നോമ്പ് തുറയും ശ്രദേയമായി.