ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 14ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് കര്‍ദിനാളിന് വേളാങ്കണ്ണി
മാതാവിന്റെ കപ്പേളയുടെ സമീപത്ത് സ്വീകരണം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും മാര്‍
ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.വി. അബ്ദുള്‍
ഖാദര്‍ എം.എല്‍.എ സ്മരണിക പ്രകാശനം ചെയ്യും. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കാരുണ്യ പദ്ധതിയുടെ സമര്‍പ്പണം നടത്തും. ഫൊറോന വികാരി ഫാ. ജോസ്
പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിക്കും. പാരിഷ് ഹാളിന്റെയും തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെയും ശിലകളുടെ ആശിര്‍വാദവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. പി.ഐ. സൈമന്‍
രചിച്ച വിശുദ്ധ കുര്‍ബാന ഭക്തിയോടെ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും ജൂബിലിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. പി.ഐ.
സൈമണെ ചടങ്ങില്‍ ആദരിക്കും. നവീകരിച്ച കപ്പേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ബിഷപ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ ആശിര്‍വദിക്കും. ശനിയാഴ്ച വൈകീട്ട് മാര്‍ നീലങ്കാവിലിന്റെ
മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. 50 വര്‍ഷം പിന്നിട്ട ദമ്പതികളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിക്കും. വികാരി ഫാ.
ജോസ് പുലിക്കോട്ടില്‍, ജനറല്‍ കണ്‍വീനര്‍ പി.ഐ. സൈമണ്‍, ട്രസ്റ്റിമാരായ പി.ഐ. വര്‍ഗീസ്, ജോയ് തോമസ്, എം.എ. സോളമന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ബാബു
എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.