ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഫിഷറീസ്,കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരാണ് നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്ച ഭൂരിഭാഗം ബോട്ടുകാരും വള്ളക്കാരും കടലില്‍ പോയില്ല. ചുരുക്കം ചിലര്‍ കടലില്‍ പോയെങ്കിലും തീരദേശ പോലീസ് കടലില്‍ പട്രോളിങ് നടത്തി ഉച്ചയ്ക്ക് മുന്‍പായി ഇവരെ കരയ്‌ക്കെത്തിച്ചു. 14-വരെ കടലില്‍ പോകരുതെന്ന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ബോട്ടുകളിലെയും വള്ളങ്ങളിലെയും ദൂരദേശങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.
മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് കടലില്‍ പോകുന്ന ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാളികളും തെക്കന്‍ജില്ലക്കാരുമാണ്. ഇവരാണ് നാട്ടിലേക്കു മടങ്ങിയത്.ന്യൂനമര്‍ദത്തെത്തുടര്‍ന്ന് സീസണ്‍ സമയത്ത് പണിയെടുക്കാന്‍ കഴിയാത്തത് ബോട്ടുടമകളെയും തൊഴിലാളികളെയും ഹാര്‍ബറിലെ തരകന്‍മാരെയും ഒരു പോലെ നിരാശരാക്കി. ചാവക്കാട് ബീച്ചില്‍ നിന്ന് ആഴക്കടലില്‍ പോയി മീന്‍പിടിക്കുന്ന തമിഴ് തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. പലരും നാട്ടിലേക്ക് മടങ്ങി.
തിങ്കളാഴ്ച കടലില്‍ ചില മേഖലയില്‍ ശക്തമായ കാറ്റുണ്ടായതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, അപകടകരമായ സ്ഥിതി കടലില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ഓഖി ദുരന്തത്തിന്റെ വെളിച്ചത്തില്‍ ജാഗ്രത പാലിക്കണമെന്ന ശക്തമായ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.