ചാവക്കാട്: നഗരസഭയിലെ പട്ടിക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, സൈക്കിള്‍ എന്നിവയുടെ വിതരണം ഞായറാഴ്ച നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മണത്തല ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ.കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനാവും. മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണീച്ചറുകളുടേയും, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ഫര്‍ണീച്ചറുകളുടേയും വിതരണവും ഇതോടൊപ്പം നടക്കും. നഗരസഭയുടെ 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ വിതരണം ചെയ്യുന്നത്. ആകെ 25,90,000 രൂപയാണ് പദ്ധതികള്‍ക്കെല്ലാമായി വകയിരുത്തിയിരിക്കുന്നത്. 8,9,10 ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 150 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കേസര എന്നിവ വിതരണം ചെയ്യാനായി ആറ് ലക്ഷം രൂപയും 150 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യാനായി 750000 രൂപയും മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്യാനായി 160000 രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പ്രൈമറി, സെക്കണ്ടറി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫര്‍ണീച്ചര്‍ വാങ്ങാനായി 1080000 രൂപയും വകയിരുത്തിയിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വികസനത്തിനായി ചാവക്കാട് നഗരസഭ 9630000 രുപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.എ.മഹേന്ദ്രന്‍, എ.സി.ആനന്ദന്‍, എം.ബി.രാജലക്ഷ്മി, കൌണ്‍സിലര്‍ എ.എച്ച് അക്ബര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.