ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകള്‍ ശബരിമല സീസണ് മുമ്പായി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമൊവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ വത്സന്‍ താമരയൂര്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പതിനഞ്ച് മിനിറ്റോളം നീണ്ട ഭീഷണിക്കൊടുവില്‍ നാട്ടുകാര്‍ തന്ത്രപൂര്‍വ്വം കെട്ടിടത്തിന് മുകളില്‍ കയറി വത്സനെ താഴെയിറക്കി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ കിഴക്കേനടയിലുള്ള നഗരസഭയുടെ കുട്ടികൃഷ്ണന്‍ സ്മാരക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സംഭവം കണ്ട് വഴിയാത്രക്കാടരടക്കമുള്ള നൂറ് കണക്കിന് പേരാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയത്. എല്ലാവരുടെയും കണ്ണുകള്‍ മുകളിലോട്ടായിരുന്നു.  ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ഭൂരിഭാഗം പേരും. പ്രധാന റോഡില്‍ ജനം തിങ്ങിക്കൂടിയതോടെ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. വിവരം ടെമ്പിള്‍ പോലീസില്‍ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പതിനഞ്ച് മിനിറ്റോളം മൂക്കിന് താഴെ നടന്ന സംഭവം ഫയര്‍ഫോഴ്‌സ് അറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കുമള്ളവര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ല. നേരത്തെ ഒരു പോലീസുകാരനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുള്ള വ്യക്തിയായതിനാല്‍ ചാടി കഴിഞ്ഞാല്‍ തിരിഞ്ഞ് നോക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഗതാഗതം തടസ്സപ്പെട്ടത്തോടെ നാല് പോലീസുകാര്‍ പിന്നീട് സംഭവസ്ഥലത്തെത്തി. എന്നാല്‍ പോലീസുകാര്‍ മുകളില്‍ കയറിയാല്‍ താഴേക്ക് ചാടുമെന്ന്‍ വത്സന്‍ ഭീഷണി മുഴക്കികൊണ്ടേയിരുന്നു.  നാട്ടുകാരുമായി നടത്തിയ അനുരജ്ഞന ശ്രമത്തിനിടെ മൂന്നു പേര്‍ മുകളില്‍ കയറി നുഴഞ്ഞ് ചെന്ന് പിറകിലൂടെയെത്തി വത്സനെ രക്ഷപ്പെടുത്തുകയായിരുന്നു. ക്ഷേത്രനഗരിയിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ഒറ്റയാള്‍ പോരാട്ടം നടത്തി വത്സന്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ നിന്ന് നിയമസഭ വരെ ഓടുകയും മാസങ്ങള്‍ക്ക് മുമ്പ് ഇന്നര്‍ റിംഗ് റോഡിലൂടെ ടാര്‍ വീപ്പ ഉരുട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്നു താഴെയിറക്കിയ ശേഷം വത്സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നഗരസഭ ചെയര്‍പേഴ്‌സനെ കണ്ട് പരാതിബോധിപ്പിച്ചു.  റോഡുപണിയുടെ ഉത്തരവാദിത്വപ്പെട്ടവരുമായി  ഫോണില്‍ ബന്ധപ്പെട്ട ശേഷം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് ചെയര്‍പേഴ്‌സന്‍ ഉറപ്പ് നല്‍കുകയം ചെയ്തു. രക്ഷാപ്രവര്‍ത്തനിടെ നിസാര പരിക്കേറ്റ വത്സനെ പിന്നീട് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.