ചാവക്കാട്: ശുദ്ധവായുവും ശുദ്ധജലവും പരപ്പില്‍ താഴം നിവാസികളുടെയും ഭാടനഘടനാപരമായ മൌലിക അവകാശമാണെന്നും മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാ അധ്യക്ഷനും സെക്രട്ടറിക്കുമെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ കേസെടുക്കണമെന്ന് ഡി.സി.സി. പ്രസിഡൻറ് ടി.എൻ. പ്രതാപൻ. ചാവക്കാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൌണ്ടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ നിയമ വിദ്യാർഥിനി സോഫിയയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ശുദ്ധജലവും ശുദ്ധവായുവും ഇവിടെ നൂറുശതമാനുവും നിഷേനിഷേധിപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനകീയ വിഷയമുയർത്തുമ്പോൾ വ്യക്തമായ വിശദീകരണം നൽകാതെ രാഷ്ട്രീയം പറഞ്ഞ് ആക്ഷേപിക്കുന്നത് ക്രൂരതയാണ്. നഗരസഭാ ചെയർമാനും സഹപ്രവർത്തകരും ക്രൂരത അവസാനിപ്പിക്കണം. സോഫിയയുടേത് രാഷ്ട്രീയ പ്രേരിത സമരമല്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണെന്നും അദേഹം പറഞ്ഞു.
നഗരസഭാ ചെയർമാനും സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉത്തരവാദിതപ്പെട്ടവര്‍ പരപ്പില്‍താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപം വരണമെന്നും ഡി.സി.സി. പ്രസിഡൻറ് എന്ന നിലയിൽ എന്‍റെ ആദ്യത്തെ അഭ്യർഥനയാണതെന്നും അദ്ദേഹം പറഞ്ഞു, ഗുരുവായൂര്‍ എം.എൽ.എ അടിയിന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. എം.എൽ.എയും നഗരസഭാ ചെയർമാനും ജില്ലാ കളക്ടറും ഒരുമണിക്കൂർ ഇവിടെ വന്ന് നിൽക്കുകയാണെങ്കിൽ പ്രത്യേക പാരിതോഷികം നൽകാമെന്ന് അദ്ദേഹം പരിഹസിച്ചു.
ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് സി.എൻ. ഗോപപ്രതാപൻ, ചാവക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ് തിരുവത്ര, നേതാക്കളായ കെ.നവാസ്, എൻ.എം.കെ. നബീൽ, സി.വി.സുരേന്ദ്രൻ, എം.എസ്. ശിവദാസൻ, എച്ച്. എം. നൗഫൽ, കെ.വി. സത്താർ, സി. മുസ്താഖലി, ശ്രീധരൻ മാക്കിലിക്കൽ, അനീഷ് പാലയൂർ, അക്ബർ കോനോത്ത്, അഷറഫ് ബ്ലാങ്ങാട് എന്നിവർ ഡി.സി.സി പ്രസിഡൻറിനെ അനുഗമിച്ചു.

ഫോട്ടോ:  ടി.എൻ. പ്രതാപനും കോൺഗ്രസ് നേതാക്കളും ചാവക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ ശാല പ്രവര്‍ത്തിക്കുന്ന പരപ്പില്‍ താഴം സന്ദർശിക്കുന്നു