ഗുരുവായൂര്‍: ദര്‍ശനത്തിനുശേഷം പ്രസാദം വാങ്ങാന്‍ വരിയില്‍നിന്ന എഴുപതുകാരിയെ കാവല്‍ക്കാരന്‍ തള്ളിയിട്ടു. തുടയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.
എരമംഗലം കിഴക്കേവളപ്പില്‍ കുഞ്ഞുലക്ഷ്മിഅമ്മയെയാണ് തള്ളിയിട്ടത്. കാവല്‍ക്കാരന്‍ തള്ളിയപ്പോള്‍ കല്ലില്‍ത്തട്ടി വീണാണ് തുടയെല്ല് പൊട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
കുഞ്ഞുലക്ഷ്മിഅമ്മയുടെ മകന്‍ സുധീര്‍ തിങ്കളാഴ്ചയാണ് ദേവസ്വത്തിന് പരാതി നല്‍കുന്നത്. ഇതേത്തുടര്‍ന്ന് ക്ഷേത്രം കാവല്‍ക്കാരന്‍ ബ്രഹ്മകുളം സ്വദേശി പി. ശിവശങ്കരനെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി.
മരുമകള്‍ രത്‌നത്തിന്റെ കൂടെയായിരുന്നു കുഞ്ഞുലക്ഷ്മിഅമ്മ ക്ഷേത്രദര്‍ശനത്തിനു വന്നത്. പ്രസാദം ശീട്ടാക്കാനായി തെക്കേനടയിലെ വരിയില്‍നില്‍ക്കുമ്പോള്‍ ആവശ്യമില്ലാതെ തിരക്കുകൂട്ടുന്നുവെന്നു പറഞ്ഞാണ് കാവല്‍ക്കാരന്‍ തള്ളിയത്.
ആദ്യം ദേവസ്വം മെഡിക്കല്‍ സെന്ററിലേക്കാണ് പോയത്. അവിടെനിന്ന് മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകാരണം ചാവക്കാട് താലൂക്ക് ആസ്പത്രിയിലേക്ക് മാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആസ്പത്രിയിലെത്തിയ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യാണ് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനും പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി. രാജഗോപാലിനെ അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ ചുമതലപ്പെടുത്തി.