ചാവക്കാട് : ഗ്രീൻ ഹാബിറ്റാററിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ എൻ.എഫ് നഗറിൽ മൂന്നു ദിവസമായി നടന്നു വന്ന കടലാമ നിരീക്ഷണ ക്യാമ്പ് സമാപിച്ചു.
ക്യാമ്പ് ഉദ്ഘാടനം ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തില്‍ കടലാമകളുടെ ജീവിത ചക്രത്തെ കുറിച്ച് ജൈവശാസ്ത്രജ്ഞൻ ജെയിൻ ജെ തേറാട്ടിൽ ക്ലാസ്സെടുത്തു. കടലാമകൾ രണ്ടു രാഷ്ട്രങ്ങളുടെ അംബാസിഡർ മാരാണെന്നും ശ്രീലങ്കൻ കടലിൽ നിന്നാണ് കേരള തീരത്തെ പഞ്ചാര മണലിൽ മുട്ടയിടാനെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കടലാമകളെ കുറിച്ചുള്ള ഹൃസ്വചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായി.
രണ്ടാം ദിന ക്യാമ്പിൽ നക്ഷത്രങ്ങളും കടലാമകളും എന്ന വിഷയത്തിൽ കെ.ജി. പ്രാൺ സിംഗ്‌ ക്ലാസ്സ് നയിച്ചു. കൂരിരുട്ടിൽ കടലാമകളുടെ കൂട് നിർമ്മാണ യാത്രക്ക് നക്ഷത്രങ്ങളുടെ പ്രകാശം സഹായകരമാകുന്നതെങ്ങിനെയെന്ന്‍ അദ്ദേഹം വിശദീകരിച്ചു.
മൂന്നാം ദിവസം ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് പുലർച്ചെ ആരംഭിച്ച കടലാമ നിരീക്ഷണ യാത്രക്ക് വിശ്വ പ്രകൃതിനിധി കേരള ഘടകം ഡയറക്ടർ രഞ്ജൻ മാത്യു, മുരുകൻ പാറേപറമ്പിൽ, സലിം ഐഫോക്കസ്, ഇജാസ്, അജ്മൽ പാപ്പി, അജീഷ്, ഷെബി എന്നിവർ നേതൃത്വം നൽകി.
യാത്രയിൽ കണ്ടെത്തിയ കൂട്ടിലെ 135 മുട്ടകള്‍ ഹാച്ചറിയിലേക്ക് മാറ്റി സ്ഥാപിച്ചു.