ചാവക്കാട് : അനധികൃത പണപ്പിരിവ് നടത്തിയതിനു ഡി വൈ എഫ് ഐ നേതാവിന് സി പി എം ഏരിയാ കമ്മിറ്റിയുടെ പരസ്യശാസന നല്‍കി എന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗവുമായ കെ കെ മുബാറക്കിനെതിരെയാണ് ചില പത്രങ്ങളില്‍ വ്യാജ വാര്‍ത്ത വന്നത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുഭാവികളുടെ സംഘടനകളില്‍ നിന്നും പണപ്പിരിവ് നടത്തിയെന്നായിരുന്നു വാര്‍ത്തയിലെ പ്രധാന ആരോപണം. വാര്‍ത്തയുടെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. കെ കെ മുബാരക്കിനെ അനുകൂലിച്ച് പാര്‍ട്ടി അനുഭാവികളും ഇതര പാര്‍ട്ടി പ്രവര്‍ത്തകരുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ രംഗത്ത് വരികയുണ്ടായി.
പാര്‍ട്ടി പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണമെന്നും സി പി എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് പറഞ്ഞു.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ്‌ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് ജന സംസാരം.