ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭ കൗസിലറുടെ വീട് ആക്രമിച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മേഖലയില്‍ രണ്ട് കൊലപതാക ശ്രമമടക്കം അഞ്ച് ക്രമിനല്‍ കേസുകളാണ്  പോലീസ് എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് യോഗം വിളിച്ചു ചേര്‍ത്തത്. പോലീസ് സ്‌റ്റേഷനില്‍ നടന്ന യോഗത്തില്‍ മേഖലയിലെ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍മാരും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു. മേഖലയില്‍ കഞ്ചാവ് അടക്കമുള്ള ലഹരി പാദര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കഞ്ചാവ് ലോബിയാണ് അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും  യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ലഹരി ബോധവത്കരണം നടത്താന്‍ യോഗം തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത ക്ലബ്ബുകളുടെ ഷെഡ്ഡുകള്‍ പോളിച്ചു നീക്കണമെന്നും  യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. പ്രദേശത്ത് വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ ഇ ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി, നഗരസഭ കൗസിലര്‍മാരായ ടി.എസ് ഷെനില്‍, കെ.വി വിവിധ്, അഭിലാഷ് വി ചന്ദ്രന്‍, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികളായ ടി.ബി ദയാനന്ദന്‍, എം.എം. സുനില്‍കുമാര്‍, പി.പി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.