ജെറി ജേകബ്

ജെറി ജേകബ്

ചാവക്കാട് : ഇരുപത്തിമൂന്നു ലക്ഷത്തിന്റെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട ചക്കംകണ്ടം സ്വദേശി ഒലക്കേങ്ങല്‍ ജെറി ജേക്കബ് (37) നെതിരെ വാറണ്ട്. എടക്കഴിയൂര്‍ പോന്നേത്ത് ഉമ്മര്‍ ഹാജി യുടെ കയ്യില്‍ നിന്നും കച്ചവടാവശ്യാര്‍ത്ഥം വാങ്ങിച്ച പണവുമായാണ്‌ ഇയാള്‍ വിദേശത്തേക്ക് കടന്നത്. ഉമ്മര്‍ ഹാജിയുടെ ഉടമസ്ഥതയില്‍ എടക്കഴിയൂര്‍ നാലാം കല്ലിലുള്ള കെട്ടിടത്തില്‍ ടു വീലര്‍ ഷോറും നടത്തുകയായിരുന്ന ജെറി ജേക്കബ് ബിസിനസ്സ് വിപുലീകരിക്കാനാണെന്ന് പറഞ്ഞാണ് ഉമ്മര്‍ ഹാജിയില്‍ നിന്നും പണം കൈപറ്റിയത്. ഹാജിയാരുമായി അടുപ്പം സ്ഥാപിക്കുകയും വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തതിനു ശേഷം തന്ത്രപൂര്‍വ്വം പണം കരസ്ഥമാക്കുകയായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രവാസ ജീവിതം നയിച്ച് സമ്പാദിച്ച പണമാണ് ജെറി തന്ത്രപൂര്‍വ്വം അടിച്ചു മാറ്റിയത്. പണം നല്‍കി നാളുകള്‍ക്ക് ശേഷം അഞ്ചുലക്ഷം രൂപ തിരിച്ചു ചോദിച്ചപ്പോള്‍ ജെറി ഒരു കുറിപ്പും എഴുതിവെച്ച് നാടുവിടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് മുങ്ങിയ ജെറിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ്‌ ഉമ്മര്‍ ഹാജി പോലീസില്‍ പരാതിപ്പെട്ടത്. ഇയാള്‍ക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതേ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ജെറിയുടെ ഭാര്യക്കെതിരെയും ഉമ്മര്‍ ഹാജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.