പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് പുത്തൻ പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യംചാക്കില്‍ കെട്ടി തള്ളുന്നത് പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ. വടക്കേക്കാട് പുന്നയൂർക്കുളം പഞ്ചായത്തുകളിലെ വാക്കത്തി റോഡ്, ഇടിയാത്തയില്‍ത്താഴം റോഡുകളിലും, മാഞ്ചിറ പാടശേഖരങ്ങളിലുമാണ് കടകളില്‍ നിന്നും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയടങ്ങിയ  മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും, ചാക്കുകളിലും കെട്ടി തള്ളുന്നത്. മലപ്പുറം ജില്ലയിലെ  പെരുമ്പടപ്പ് പുത്തന്‍ പള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ളതാണ് മാലിന്യം.  ഒരു ഷോപ്പിങ് കോപ്ലക്സ് ഉൾപ്പടെ നാല് വ്യാപര സ്ഥാപനളുടെ പേര് വെച്ച് ക്യാഷ് ബില്ലുകളും മറ്റു രേഖകളും മാലിന്യങ്ങളില്‍ നിന്ന്  ലഭിച്ചിട്ടുണ്ട്.  പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് പുന്നയുര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ. ഡി. ധനീപ്, വാര്‍ഡ് മെമ്പര്‍ ഫാരിഖ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് മറിയും മുസതഫ, വാര്‍ഡംഗം ഷാലിയ ഡേവിഡ് മാലിന്യം തള്ളിയ പ്രദേശങ്ങൾ  സന്ദര്‍ശിച്ചു. തുടർന്ന്  വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി.  പൊതു ആരോഗ്യ വിഭാഗം മാലിന്യം തളളിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികള്‍ കൈ കൊള്ളുമെന്നും അറിയിച്ചു.