പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ.
പെരുമ്പടപ്പ് പുത്തന്‍പള്ളിയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കട ഉടമ വടക്കേകാട് ഫാത്തിമ മന്‍സില്‍ സുഹൈബിനെയാണ് (32 ) വടക്കേകാട് എസ്.ഐ പി.കെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിലെ പരൂര്‍, വാക്കത്തി , ഇടിയാത്തയില്‍ത്താഴം റോഡുകളിലും, മാഞ്ചിറ, പുന്നൂക്കാവ് ഭാഗങ്ങളിലുമാണ് ബുധനാഴ്ച്ച പെരുമ്പടപ്പിൽ നിന്നുള്ള മുപ്പത്തഞ്ചോളം ചാക്കുകളിലായി നിറച്ച മാലിന്യങ്ങള്‍ തള്ളിയത്. ഇവ പുന്നയൂർക്കുളം പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം തൊഴിലാളികൾ തിരിച്ചെടുത്തു. സുഹൈബ് പുതുതായി ആരംഭിക്കുന്ന തുണിക്കടക്കെടുത്ത മുറിയിൽ നേരത്തെയുണ്ടായിരുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവയാണിതെന്ന് പ്രതി പറഞ്ഞതായി എസ്.ഐ മോഹിത് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ബില്ലും മറ്റു രേഖകളും മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്തും രാത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതുമാണ് പ്രതിയെ പിടികൂടന്‍ എളുപ്പമാക്കിയത്. വടക്കേക്കാട് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറുമാർ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തുകയും സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ധനീപ്, പഞ്ചായത്തംഗം യു.എം ഫാരിഖ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്, എന്നിവർ സന്ദർശനം നടത്തി.