ചാവക്കാട്: പ്രദേശം നേരിടുന്ന കടുത്ത വേനലിലും വാണിജ്യാടിസ്ഥാനത്തില്‍ കുടിവെള്ള ചൂഷണം നടക്കുന്നത് പരിശോധിക്കാനും തടയാനും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുവാന്‍ ചാവക്കാട് താലൂക്ക് വികസന സമതി തീരുമാനിച്ചു. ഇന്നലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതിയിലാണ് തീരുമാനം. വാണിജ്യാവശ്യത്തിനായി ജലചൂഷണം നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
സുനാമി കോളനിയില്‍ വീടുകള്‍ അനുവദിച്ചിട്ടും ഭൂരിഭാഗം പേരും അതില്‍ താമസിക്കാതെ വലിയ വാടകക്ക് നല്‍കുകയും കടലാക്രമണത്തിന് സാദ്ധ്യതയുള്ള വീടുകളില്‍ തന്നെ താമസിച്ചു വരികയുമാണ്. ഇതിന്റെ പേരില്‍ നിരവധി വീടുകള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്ത് സീല്‍ വെച്ച നിലയില്‍ കിടക്കുകയാണ്. ഇത്തരത്തില്‍ കടലേറ്റഭീഷണിയുള്ള വീടുകള്‍ പൊളിച്ചു മാറ്റി അവരെ സുനാമി വീടുകളിലേക്ക് തിരികെ കൊണ്ടുവരണമെന്നും വരാന്‍ തയ്യാറാകത്തവരുടെ വീടുകള്‍ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ മറ്റ് അര്‍ഹരായവര്‍ക്ക് അനുവദിക്കണെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനായി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തുവാനും തിരിച്ച് സുനാമി വീടുകളിലേക്ക് വരാന്‍ തയ്യാറാവാത്തവരുടെ വീടുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനായി അര്‍ഹതാ ലിസ്റ്റ് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
കടപ്പുറം പഞ്ചായത്തിനേയും ഒരുമനയൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കനോലി കനാലിന് കുറുകെയുള്ളതുമായ പാലംകടവ് നടപ്പാലം യാത്രയോഗ്യമല്ലാത്തതിനാല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയുപി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ജനങ്ങളെല്ലാം ബുദ്ധിമുട്ടുകയാണെന്നും യാത്രക്കാരുടെ ഏക ആശ്രയമായ ഈ നടപ്പാത എത്രയും വേഗം പുനര്‍നിര്‍മ്മിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി കലക്ടര്‍ക്ക് സമര്‍പ്പിക്കാനും സമിതി തീരുമാനിച്ചു. സിപിഐ പ്രതിനിധി അഡ്വ. പി മുഹമ്മദ് ബഷീറാണ് പരാതികള്‍ ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആയിഷ അദ്ധ്യക്ഷത വഹിച്ചു, തഹസില്‍ദാര്‍ എം ബി ഗിരീഷ് സംസാരിച്ചു.