കുട്ടികളുടെ ചെയ്തികള്‍ ഇവയാണ്. അനുസരണക്കേട്, കുസൃതികള്‍, വികൃതികള്‍,
ചില്ലറനുണകള്‍.... എന്നാല്‍ ഇത്തരം സംഗതികള്‍ കുട്ടിപ്രായത്തില്‍ എല്ലാവരും
ചെയ്തിട്ടുണ്ടാകും. ഇതെല്ലാം കുട്ടികളുടെ പ്രകൃതമാണ് വൈകൃതങ്ങളല്ല, എന്ന് വേണം
കരുതാന്‍. ഇതൊക്കെ ചെയ്യുന്നവരാണെങ്കിലും കുട്ടികള്‍ വലിയവരേക്കാള്‍
എന്തുകൊണ്ടും ശുദ്ധരാണ്.ഈ അര്‍ത്ഥത്തില്‍ കുട്ടികളെ ശിക്ഷിക്കാന്‍ ഏതെങ്കിലും
രക്ഷിതാവിന് അര്‍ഹതയുണ്ടോ? ഇനി കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൊടുക്കുന്ന
ശിക്ഷകള്‍ പരിശോധിക്കാം. കണ്ണുരുട്ടല്‍, ഒച്ചയിടല്‍, ചീത്തവിളിക്കല്‍,
ചെവിതിരുമ്മല്‍, നുള്ള്, തലങ്ങും വിലങ്ങും അടിക്കല്‍, വീടിന്പുറത്താക്കല്‍, ചൂട്
വെയ്ക്കല്‍ അങ്ങിനെ നീളുന്നു. ഇത്തരം പീഡനങ്ങള്‍ കുട്ടികളില്‍ ശാരീരികവും
മാനസികവുമായി ക്ഷതം ഏല്‍പ്പിക്കുന്നു. ഇത് അവരില്‍ കടുത്ത ദുഖവും വിദ്വേഷവും
ഉണ്ടാക്കുന്നു. ഇത് പില്‍ക്കാലത്ത് വ്യക്തിത്വവൈകല്യത്തിന് കാരണമായിത്തീരും.
ചിലരില്‍ ക്രിമിനല്‍ വാസനയ്ക്കും വഴിയൊരുക്കും. കുട്ടികള്‍ ചെയ്യുന്ന
'അനിഷ്ട്ടങ്ങള്‍' ഉണ്ടാക്കുന്ന അരിശം തീര്‍ക്കാന്‍ രക്ഷിതാക്കള്‍ കണ്ടെത്തുന്ന
മാര്‍ഗങ്ങള്‍ മാത്രമാണ് ഇത്തരം ശിക്ഷകള്‍ എന്ന് മനശാസ്ത്രവിശകലനത്തില്‍
വ്യക്തമാകും. എന്നാല്‍ കഥകള്‍ പറഞ്ഞും സ്വന്തം അനുഭവങ്ങള്‍ നിരത്തിയും
കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്ന രക്ഷിതാക്കളും ഉണ്ട്. ഇവര്‍
വിരളം. വീടുകളില്‍ നിന്ന് കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തുമ്പോഴാണ്
അധ്യാപകരുടെ റോള്‍ ആരംഭിക്കുന്നത്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്ന
പ്രധാന കുറ്റം പഠിക്കാന്‍ മടി കാണിക്കുന്നു എന്നതാണ്. പിന്നെ സഹപാഠികളുമായി
ചില്ലറ പിണക്കങ്ങള്‍, വഴക്കുകള്‍, അടിപ്പിടികള്‍..... ഇതിനൊക്കെ അധ്യാപകര്‍
കൊടുക്കുന്ന ശിക്ഷകള്‍ പലപ്പോഴും കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്.
സാധാരണയുള്ള ചൂരല്‍പ്രയോഗം, കൂടാതെ നാണം കെടുത്തല്‍, നിലത്തിരുത്തല്‍,ബഞ്ചില്‍
കയറി നിര്‍ത്തല്‍,ക്ലാസ്സിന് പുറത്ത് നിര്‍ത്തല്‍, ചെവി തിരുമ്മല്‍, മണ്ടയ്ക്ക്
കൊട്ടല്‍, കാലില്‍ ചവിട്ടല്‍, മുടിപിടിച്ചു വലിക്കല്‍ തുടങ്ങി
പ്രയാസമുണ്ടാക്കുന്ന പ്രാകൃത രീതികള്‍ വരെ അധ്യാപകര്‍
പ്രയോഗിക്കുന്നുണ്ട്.പരിക്കുപ്പറ്റി ആശുപത്രിയിലെത്തുന്ന കേസുകള്‍ ഉണ്ട്.
മനംനൊന്ത് നാട് വിട്ട വിദ്യാര്‍ഥികളുമുണ്ട്. അപമാനം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത
കുട്ടികളും ഉണ്ട്. അധ്യാപകര്‍ കൊച്ചുകുട്ടികളെ ഇങ്ങനെയൊക്കെ
ശിക്ഷിക്കുന്നതെന്തിന്? അധ്യാപകരുടെ അരിശം തീര്‍ക്കാന്‍. അല്ലാതെ
മറ്റൊന്നിനുമല്ല. കുട്ടികള്‍ പഠിക്കാന്‍ മടി കാണിക്കുന്നതിന് പല കാരണങ്ങള്‍
ഉണ്ട്. ജന്മവൈകല്യമാണ് അതില്‍ മുഖ്യം. ഇത്തരക്കാരെ സാന്ത്വനിപ്പിച്ചു
പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ പഠിപ്പിക്കുന്ന
പാഠശാലയിലേക്കയക്കണം.പാഠഭാഗങ്ങള്‍ ശരിയാം വണ്ണം മനസ്സിലാക്കാന്‍
കഴിയാത്തവരുണ്ട്. ഇവര്‍ക്ക് പ്രത്യേകം ക്ലാസെടുക്കാം. കുസൃതിക്കാര്‍ക്കും
വികൃതിക്കാര്‍ക്കും പഠന സംബന്ധിയായി കുറച്ച് അധ്വാനം കൊടുക്കാം. അധ്യാപകരുടെ
പിടിപ്പുക്കേട്‌കൊണ്ട് പഠിപ്പ്ക്കെട് കാണിക്കുന്നവരുണ്ട്. ഇവരെ അധ്യാപകര്‍
ശിക്ഷിക്കുന്നത് അധ്യാപകരുടെ തന്നെ കുറ്റത്തിനാണ് എന്നുവരും. ചീത്ത പറയുകയോ
അടിക്കുകയോ ചെയ്യാത്ത ഒരു അധ്യാപകന്‍ ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂളില്‍
ഉണ്ടായിരുന്നു. അദേഹത്തോട് ഞങ്ങള്‍ ഒരിക്കല്‍ ചോദിച്ചു. 'മാഷ് കുട്ടികളെ ചീത്ത
പറയാത്തതും അടിക്കാത്തതും എന്തുകൊണ്ടാണ്? അദേഹത്തിന്‍റെ മറുപടി
ഇങ്ങനെയായിരുന്നു. 'കുട്ടികളെ ചീത്ത പറഞ്ഞു പഠിപ്പിച്ചാല്‍ കുട്ടികള്‍ ചീത്ത
പറയാന്‍ പഠിക്കും. തല്ലി പഠിപ്പിച്ചാല്‍ തല്ലാന്‍ പഠിയ്ക്കും.' ഞങ്ങളുടെ അടുത്ത
ചോദ്യം ഇതായിരുന്നു. 'ചീത്ത പറയാതിരുന്നാലും, തല്ലാതിരുന്നാലും കുട്ടികള്‍ക്ക്
മാഷ്‌മാരെ പേടിയുണ്ടാകുമോ? അദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
'ക്രൂരന്മാരോട് തോന്നുന്നതാണ് പേടി. സ്നേഹമുള്ളവരോട് തോന്നുന്നതാണ് ബഹുമാനം.
പേടിയും ബഹുമാനവും ഒന്നല്ല.' അടുത്ത ചോദ്യം ഞങ്ങളോടാണ് അദ്ദേഹം ചോദിച്ചത്, 'എന്നെ
നിങ്ങള്‍ക്ക് പേടിയോ....ബഹുമാനമോ?' കുട്ടികള്‍ ഒന്നടങ്കം ഒരേസ്വരത്തില്‍ പറഞ്ഞു,
'ബഹുമാനം'. |