banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

ദുബായില്‍ നിന്ന് ഒരാനക്കഥ

Posted on: 24-11 - 2013
ഉഷ്ണക്കാറ്റിന് ശമനമുള്ള ഒരു സായാഹ്നം..
ദുബായിലെ  ദേര യൂണിയന്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള പാര്‍ക്കിലൂടെ ഒരു സായാഹ്ന സവാരിക്കിടയില്‍ എതിരെ വരുന്ന ചെറുപ്പക്കാരനെ ശ്രദ്ദിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു കൂടികാഴ്ച
നിഷ്‌കളങ്കമായ ചിരി വിടര്‍ത്തിയ ആ  മുഖത്തെ സന്തോഷം ഞാന്‍ കണ്ടു..
മുത്തു എന്ന മുത്തലിഫ്.
2007 ലാണ് മുത്തു ദുബായിലെത്തിയത്.
മുത്തു ഇപ്പോള്‍ ദുബായിലെ ഒരു സ്ഥാപനത്തില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആണ്..
ഒരു രണ്ടാം ജന്മത്തിലാണ് ഇദ്ദേഹം ഇപ്പോള്‍.
മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍.. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്...
2001 ലാണ്  ആ സംഭവം നടന്നത്.
മുത്തുവിനും കണ്ടു നിന്നവര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവം..
മണത്തല  നേര്‍ച്ച ..  മുത്തുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവം . ചെറുപ്പം മുതല്‍ നേര്‍ച്ചയിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുക എന്നത് ഒരു ആവേശമായിരുന്നു.
വലിയ ആനകമ്പക്കാരനായിരുന്നു മുത്തു..  പല ദിക്കുകളില്‍ നിന്ന് പുറപ്പെടുന്ന കാഴ്ചകളില്‍  ആനകള്‍ക്ക് പിന്നില്‍ മറ്റൊരു പാപ്പാനെ പോലെ മുത്തുവും  നടന്ന് നീങ്ങുമായിരുന്നു..

പഠനത്തിന് ശേഷം മഹാരാഷ്ട്രയിലെ ഒരു ബീഡികമ്പനിയില്‍ ജോലിക്കായി പോയി. രണ്ട് വര്‍ഷങ്ങള്‍ നാടും വീടും ഉത്സവങ്ങളും നഷ്ടമാക്കി പ്രവാസിയായി കഴിഞ്ഞു.  അടുത്ത കൊല്ലത്തെ മണത്തല നേര്‍ച്ചക്കുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ തകൃതിയായി നടക്കുന്നു.. മുത്തുവിന്റെ  മനസ്സിലും ചില ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.. നാട്ടിലെത്തണം.. മണത്തല നേര്‍ച്ചക്ക് കൂടണം.. നേര്‍ച്ചയില്‍ ഏറ്റവും തലപൊക്കമുള്ള ആനപ്പുറത്തേറണം.. അങ്ങിനെ.. അങ്ങിനെ ...

ഇനി മുത്തു പറയട്ടെ..

നേര്‍ച്ചയുടെ  തലേദിവസം തന്നെ ചാവക്കാട് തെക്കഞ്ചേരിയിലെ വീട്ടിലെത്തി.
പിറ്റേദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ചാവക്കാട് ടൌണിലെത്തി.
സുഹൃത്തുക്കളായ ഷെഹീറും, ഫൈസലും, അനീഷുമെല്ലാം അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
നേര്‍ച്ചയിലെ പ്രധാന എഴുന്നെള്ളിപ്പായ താബൂത്ത് കാഴ്ചയുടെ പുറപ്പാടാണ്.. ആനപ്പുറത്തേറാനുള്ള ലേലം വിളി തുടങ്ങി.. രൂപ ആയിരവും കവിഞ്ഞപ്പോള്‍ നിരാശയോടെ ലേലത്തില്‍ നിന്ന് പിന്മാറി..
അപ്പോഴതാ .. എന്റെ  ഇഷ്ടതാരം മംഗലാംകുന്ന് കേശവന്‍ താബൂത്ത് കാഴ്ചയുടെ പിന്‍നിരയിലേക്കെത്തുന്നു.
ഭാഗ്യത്തിന് അറുനൂറ് രൂപക്ക് ലേലം ഉറപ്പിച്ചു.. കേശവന്റെ പുറത്ത് രണ്ടാമതായി കയറിയിരുന്നു.  ചാവക്കാട് പള്ളിയുടെ പിറകില്‍ നിന്നായിരുന്നു താബൂത്ത് കാഴ്ച തുടങ്ങിയത്.

ആനയുടെ തുമ്പിക്കൈ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ഞാന്‍ കയറിലെ എന്റെ പിടുത്തം വിട്ടു...
ആ നിമിഷം ഞാന്‍ ആനപ്പുറത്ത് നിന്നും തെറിച്ചു വീണു.. എന്റെ ഇടത് വശം ചരിഞ്ഞാണ് ഞാന്‍ നിലം പതിച്ചത്.. തൊട്ടപ്പുറത്ത് നില്‍ക്കുന്ന ഒരു പോലീസുകാരന്‍ നിസ്സഹായതയോടെ അലറുന്നത് കേട്ടു..” മോനേ എണീറ്റ് ഓടടാ...” എന്‍റെ നോട്ടം അയാളിലേക്ക് എത്തുന്നതിന് മുന്നേ  കണ്മുന്നില്‍ നിറഞ്ഞു നിന്ന  കറുത്ത രൂപം അയാളെ മറച്ചു.. ഞാന്‍ പടച്ചവനോട് മനസ്സിരുത്തി പ്രാര്‍ഥിക്കുകയായിരുന്നു...

23-11-13 muthu chavakkad

മുത്തു ചാവക്കാട്‌

കാഴ്ച്ച ചേറ്റുവ റോഡില്‍ കൂടെ ടൌണിലെത്തിയപ്പോള്‍ ആനക്ക് വല്ലാത്തൊരു കുലുക്കം.. സംഗതി പന്തിയെല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ആനപ്പുറത്ത് മുന്നിലിരിക്കുന്നവനെ മുറുകെ പിടിച്ചു.. പക്ഷെ അയാള്‍ താഴേക്ക് എടുത്ത് ചാടിരക്ഷപ്പെട്ടു..

ഇതിനിടയില്‍ ആന പാപ്പാന്റെ ജീവനെടുത്ത് കഴിഞ്ഞിരുന്നു...
ആനയുടെ കഴുത്തിലൂടെയുള്ള കയറില്‍ ബലമായി പിടിച്ച് ഞാന്‍ ആനപ്പുറത്ത് കിടന്നു..
ആ കിടത്തത്തില്‍ ഭയവിഹ്വലമായ ചാവക്കാട് പട്ടണം എനിക്ക് കാണാമായിരുന്നു... സ്ത്രീകളും കുട്ടികളുംഉള്‍പ്പെടെ  ഒട്ടേറെ പേര്‍ ആനയുടെ മുന്നിലൂടെ നിലവിളിച്ചോടുന്നു.. ആന ഇപ്പോള്‍ മുന്നിലേക്ക് കുതിക്കുകയാണ്..
എന്റെ പിന്നിലിരുന്നയാള്‍ എന്റെ അരക്കെട്ടില്‍ മുറുകെ പിടിച്ചിരിക്കുന്നു.. അയാളുടെ കൈകള്‍ക്ക് ശക്തിയേറുന്നു.. എന്റെ ശരീരം ഭാരം കുറയുന്ന പോലെ.. ' അള്ളാഹ്.. എന്നെ കാത്ത് രക്ഷിക്കണേ..'
മനസ്സില്‍ പ്രാര്‍ത്ഥന  മാത്രമായിരുന്നു..
ഇടക്ക് ഓട്ടം നിറുത്തി മംഗലാകുന്ന് കേശവന്‍ ശക്തിയായി മസ്തകം കുലുക്കാന്‍ തുടങ്ങി ... ഞങ്ങള്‍ രണ്ട് പേര്‍ ആനപ്പുറത്തുണ്ടെന്ന കാര്യം അവന്‍ മനസ്സിലാക്കിയിരിക്കുന്നു.. നീളമുള്ള തുമ്പിക്കൈ എന്റ് മൂക്കിന്‍റെ തുമ്പ് വരെ നീണ്ട് വന്നു..
എന്നെ വലിച്ചെറിയാനുള്ള ആനയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആന തൊട്ടപ്പുറത്തെ സ്‌ക്കൂള്‍ കോമ്പൌണ്ടിലേക്ക് ഓടികയറി.
നിറയെ മരങ്ങളുള്ള സ്‌കൂള്‍ വളപ്പിലെ മരചില്ലയില്‍ പിടിച്ച് കയറി എന്റെ പിന്നിലിരുന്നയാളും ആനപ്പുറത്ത് നിന്ന് രക്ഷപ്പെട്ടു.

കൊന്ന് കൊലവിളിച്ച് നില്‍ക്കുന്ന കേശവന്റെ പുറത്ത് ഇപ്പോള്‍ ഞാന്‍ മാത്രം
അവന്‍ വീണ്ടും ശരീരം കുലുക്കാന്‍ തുടങ്ങി..
ഇപ്പോല്‍ അതിശക്തമായാണ് ആനയുടെ പ്രതികരണം.... എന്റെ മുന്നില്‍ വീണ്ടും നീളമുള്ള തുമ്പിക്കയ്യെത്തി.. വട്ടക്കയറിന്മേല്‍ മുറുക്കി പിടിച്ചിരിക്കുന്ന എന്റെ ഇടത് കൈയ്യില്‍ ആനയുടെ തുമ്പിക്കൈ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ഞാന്‍ കയറിലെ എന്റെ പിടുത്തം വിട്ടു...
ആ നിമിഷം ആനപ്പുറത്ത് നിന്നും ഞാന്‍ തെറിച്ചു വീണു.. എന്റെ ഇടത് വശം ചരിഞ്ഞാണ് നിലം പതിച്ചത്.. തൊട്ടപ്പുറത്ത് നിള്‍ക്കുന്ന ഒരു പോലീസുകാരന്‍ നിസ്സഹായതയോടെ അലറുന്നത് കേട്ടു..' മോനേ എണീറ്റ് ഓടടാ...' എന്റെ നോട്ടം അയാളിലേക്ക് എത്തുന്നതിന് മുന്നേ  കണ്മുന്നില്‍ നിറഞ്ഞു നിന്ന  കറുത്ത രൂപം അയാളെ മറച്ചു.. ഞാന്‍ പടച്ചവനോട് മനസ്സിരുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു...
പലവട്ടം വിഫലമായ ശ്രമത്തിനൊടുവില്‍ ആന എന്നെ തുമ്പിക്കയ്യില്‍ വാരിയെടുത്തു..  ഒരു പഞ്ഞികെട്ട് എടുക്കുന്ന ലാഘവത്തോടെ..  
അടുത്തുള്ള ചെടിപ്പടര്‍പ്പുകള്‍ നിറഞ്ഞ കുറ്റിക്കാട്ടിലേക്ക്  കേശവന്‍ എന്നെ  വലിച്ചെറിഞ്ഞു.. എനിക്കപ്പോഴും  ബോധം  നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല..
ഞാന്‍  എല്ലാം കാണുന്നുണ്ടായിരുന്നു.. മനസ്സ് നിറയെ പ്രാര്‍ഥനയും ..
ചുറ്റും നിലവിളികള്‍ ഉയര്‍ന്നു..
മുന്നില്‍ കനത്ത പൊടിപടലങ്ങളുയരുന്നു..  വെളുത്ത രണ്ട് കൊമ്പുകള്‍ മാത്രം എനിക്കിപ്പോള്‍ കാണാം ... ആനകമ്പക്കാരനായിരുന്ന ഞാന്‍ പനമ്പട്ടകള്‍ കൊമ്പിലേറ്റി നടന്ന് നീങ്ങുന്ന കരിവീരനെ കൌതുകത്തോടെ  നോക്കി നിന്നിട്ടുണ്ട്.. കേശവന്‍ എന്നെ രണ്ട് കൊമ്പുകള്‍ക്കിടയില്‍ വെച്ച്  ആകാശത്തേക്ക് ഉയര്‍ത്തി..
തലകീഴായി കിടന്ന ഞാന്‍ ചുറ്റിലും നോക്കി.. അലമുറകളും നിലവിളിയും ചുറ്റുനിന്നും ആരവങ്ങള്‍ ഉയരുന്നു.. ആളുകള്‍ ബഹളമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.. ആനക്ക് തൊട്ട് മുന്നില്‍ നിന്ന് ഒരാള്‍ മറ്റൊന്നും ചിന്തിക്കാതെ ഫോട്ടോ എടുത്ത് കൊണ്ടിരിക്കുന്നു..
ആകാശത്തോളം ഉയര്‍ന്ന ഞാന്‍ വീണ്ടും ശക്തിയായി നിലത്തേക്ക്..
പൂഴിമണലില്‍ പുതഞ്ഞ് അര്‍ദ്ധ പ്രാണനായി ഞാന്‍ കിടന്നു..കണ്ണുകള്‍ക്ക് മുന്നില്‍ വീണ്ടും വെളുത്ത കൊമ്പുകളുടെ ദ്രുതചലനം..   മൂര്‍ച്ചയുള്ള കൊമ്പുകള്‍ എന്നെ ആക്രമിക്കാനൊരുങ്ങി.. ചരിഞ്ഞ് കിടന്ന എന്റെ വയറിന്റെ ഇരുവശത്ത് കൂടെ ആനക്കൊമ്പുകള്‍ പൂഴിമണലിലേക്കിറങ്ങി.. ആനയുടെ കീഴ്ചുണ്ടുകള്‍ എന്റെ ശരീരത്തെ സ്പര്‍ശിച്ചു.. എല്ലാം അല്ലാഹുവിലര്‍പ്പിച്ച് ഞാന്‍ കിടന്നു..
ആനക്ക് തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറെയും  മറ്റ് ചിലരേയും ലക്ഷ്യമാക്കി ആന കുതിച്ചു.. ആരോ വന്ന് എന്നെ വാരിയെടുത്തു..  ചാവക്കാട് പോലീസിന്റെ കൈകളിലേല്‍പ്പിച്ചു.. ഇതിനിടയില്‍ എപ്പോഴോ ബോധം നഷടമായിരുന്നു...
ജീവനുണ്ടെന്ന് മനസ്സിലാക്കിയ അവര്‍ എന്നെ  താലൂക്ക് ആശുപതിയിലേക്ക് എത്തിച്ചു... അവിടെ പ്രാഥമിക ചികിത്സകള്‍ നടത്തി..  കുന്ദംകുളം അലൈഡ് ഹോസ്പിറ്റലില്‍ തുട?ര്‍ ചികിത്സകള്‍ നടന്നു...
 അന്ന് ആനയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത വ്യക്തി മനോരമ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ആര്‍.എസ്.അയ്യരായിരുന്നു..
ആനക്ക് മുന്നില്‍ നിന്ന് കൂസാതെ ക്യാമറ ഫ്‌ലാഷുകള്‍ മിന്നിച്ച ആ ഒരു നിമിഷമാകാം എന്നെ  വിട്ട് മുന്നിലേക്ക് കുതിക്കാന്‍ മംഗലാകുന്ന് കേശവനെ പ്രേരിപ്പിച്ചത്..
അതോടൊപ്പം എന്റെ ഉമ്മയുടെ പ്രാര്‍ഥനയും...
വര്‍ഷങ്ങള്‍ പതിമൂന്നു കഴിഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് വിവാഹിതനായി. രണ്ടു വയസ്സുള്ള മകന്‍ മുഹമ്മദ് സിനാന്‍.  ഭാര്യ ഹസീന.
വിശേങ്ങള്‍ പങ്കുവെച്ചും ഓര്‍മ്മകള്‍ പുതുക്കിയും മുത്തു യാത്രപറഞ്ഞ് മുന്നോട്ടു നടന്നു..  www.chavakkadonline.com

23-11-13 Muthu with Kesavan

മുത്തുവിനെ കൊമ്പില്‍ കോര്‍ത്ത്‌ നില്‍ക്കുന്ന മഗലാംകുന്ന് കേശവന്‍ - ഫോട്ടോ : അയ്യര്‍ മനോരമ

23-11-13 kesavan+muthu