Posted on 23 April 2016 ചാവക്കാട്: തിരുവത്ര എ.സി ഹനീഫ
വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം
പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്. ഹനീഫയുടെ
മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവരാണ്
തിങ്കളാഴ്ച്ച രാവിലെ താലൂക്ക് ഓഫീസ് പരിസരത്ത് സത്യാഗ്രഹം നടത്തുന്നത്. ഹനീഫ
വധക്കേസിന്‍്റെ വിചാരണ അടുത്ത മാസം 23നാണ് ആരംഭിക്കുന്നത്. കേസില്‍ സ്പെഷല്‍
പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ അഡ്വ.സുനില്‍കുമാറിനെ
നിയമിക്കണമെന്നാവാശ്യപ്പെട്ട് മൂന്നു മാസം മുമ്പ് ആഭ്യന്തര വകുപ്പിന് അപേക്ഷ
നല്‍കിയിരുന്നു. ഇതിന് യാതൊരു പ്രതികരണവുമില്ലെന്ന് ഹനീഫയുടെ സഹോദര പുത്രന്‍
എ.എസ് സെറൂഖ് വ്യക്തമാക്കി. തിങ്കളാഴ്ച്ച സംഘടിപ്പിക്കുന്നത് സൂചനാ സമരമാണെന്നും
അദ്ദേഹം അറിയിച്ചു. |