Posted on 25 March 2016 ചാവക്കാട്:
കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകന്‍ തിരുവത്ര സ്വദേശി എ.സി ഹനീഫയുടെ
വധക്കേസില്‍ ആരോപണ വിധേയനായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍
ബ്ളോക്ക് പ്രസിഡണ്ട് സി.എന്‍ ഗോപപ്രതാപനെ തിരിച്ചെടുത്തില്ലെങ്കില്‍
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ചാവക്കാട്
മണ്ഡലം ഐ ഗ്രൂപ്പ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും യോഗത്തില്‍
തീരുമാനം. ബുധനാഴ്ച്ച വൈകിട്ട് 5ന് ഗുരുവായൂര്‍ മാതാ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന
ഗ്രൂപ്പ് യോഗം ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ. കെ കാര്‍ത്യായനി ഉദ്ഘാടനം
ചെയ്തു. കോനോത്ത് അക്ബര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ വധക്കേസില്‍ ഗോപപ്രതാപന്
പ്രത്യക്ഷമായും പരോക്ഷമായും ബന്ധമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍
വ്യക്തമായതും കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതുമാണെന്ന് നേതാക്കള്‍
ചൂണ്ടിക്കാട്ടി. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ പേരില്‍ എ വി
ഭാഗം നേതാക്കളുടെ സമ്മര്‍ദ ഫലമായാണ് ഗോപപ്രതാപനെ കൊലക്കേസ് പ്രതിയാക്കി മുദ്ര
കുത്തുന്ന സാഹചര്യം ഉണ്ടായത്. എന്നാല്‍ അദ്ദേഹം നിരപരാധിയാണെന്ന്
വ്യക്തമായിട്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് ഒരു വിഭാഗം
നേതാക്കളുടെ പിടിവാശി കാരണം മാത്രമാണെന്നും യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു.
നിയോജക മണ്ഡലത്തില്‍ ഐ ഗ്രൂപ്പിന് ഏറ്റവും സ്വാധീനമുള്ള ചാവക്കാട് നാളുകളായി
യു.ഡി.എഫ് സംവിധാനം തന്നെയില്ല. കഴിഞ്ഞ ദിവസം നഗരസഭാ എട്ടാം വാര്‍ഡില്‍ ജില്ലാ
സെക്രട്ടറി എം.വി ഹൈദരാലി ഉത്ഘാടനം ചെയ്ത വാര്‍ഡ് കോണ്‍ഗ്രസ്സ് സമ്മേളനം
അലങ്കോലപെടുത്താന്‍ മറ്റൊരു ജില്ലാ സെക്രട്ടറിയായ പി യദീന്ദ്രദാസിന്റെ
നേതൃത്വത്തില്‍ ജനശ്രീ മീറ്റിങ്ങ് വിളിച്ചെന്നും നേതാക്കള്‍ ആരോപിച്ചു.
ഇതിനെതിരെ ഡി.സി.സി പ്രസിഡണ്ടിനു പരാതി നല്‍കിയിട്ടും നടപടിയില്ല. നഗരസഭാ
കൗണ്‍സിലര്‍മാരായ പി.എം നാസര്‍. സൈമണ്‍ മാറോക്കി, പീറ്റര്‍ പാലയൂര്‍, സീനത്ത് കോയ,
നേതാക്കളായ പി.വി ബദറുദ്ധീന്‍, കെ.കെ സെയ്തുമുഹമ്മദ്, കെ.വി സത്താര്‍, ബേബി
ഫ്രാന്‍സിസ്, എച്ച്.എം നൗഫല്‍, കെ.കെ ഫവാസ്, പി.എ നാസര്‍, അനീഷ് പാലയൂര്‍ തുടങ്ങിയവര്‍
യോഗത്തില്‍ പങ്കെടുത്തു.. |