ചാവക്കാട്: ഇടക്കഴിയൂരില്‍ ബാങ്കില്‍ സംഘര്‍ഷം. ഇടക്കഴിയൂരിലെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ്  ഇന്ന് രാവിലെ പതിനൊന്നു മണിയോടെ സംഘര്‍ഷമുണ്ടായത്. വരിനില്‍ക്കാതെ മാനേജരുടെ ക്യാബാനില്‍ എത്തിയ വ്യക്തി പണമിടപാട് നടത്തി എന്നാരോപിച്ച് നാട്ടുകാര്‍ ഇടപാടുകാരനെയും മാനേജരെയും ക്യാബിനില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.

അതിരാവിലെ മുതല്‍ വലിയ തിരക്കാണ് ബാങ്കില്‍ അനുഭവപ്പെട്ടിരുന്നത്. പഴയ നോട്ടു മാറുന്നതിനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുമായി നീണ്ട നിരയാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരു സ്വകാര്യ വ്യക്തി മാനേജരുടെ കാബിനില്‍ എത്തി ഇടപാട് നടത്തുന്നത് കണ്ട , രാവിലെ മുതല്‍ വരിയില്‍ നിന്നിരുന്ന നാട്ടുകാരാണ് പ്രതിഷേധമുയര്‍ത്തി ഇവരെ  ക്യാബിനില്‍ തടഞ്ഞുവെച്ചത്.  വിവരമറിഞ്ഞ് ചാവക്കാട് പോലീസ്  സ്ഥലത്തെത്തി.

എന്നാല്‍ മാനേജരുടെ കാബിനില്‍ എക്കൌണ്ടിനെ സംബന്ധിച്ച സംശയങ്ങള്‍ ആരായാനെത്തിയ  കസ്റ്റമര്‍ അവിടെത്തന്നെ ഇരുന്നിരുന്ന മറ്റൊരു കസ്റ്റമറില്‍ നിന്നും പുതിയ നോട്ടുകള്‍ സ്വീകരിക്കുയായിരുന്നെന്നും ഇതുകണ്ട് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും മാനേജര്‍ വിശദീകരിച്ചു. പോലീസിന്റെ നിയന്ത്രണത്തില്‍ പിന്നീട് ബാങ്ക്  ഇടപാടുകള്‍ തുടര്‍ന്നു. എടക്കഴിയൂര്‍ പഞ്ചവടി എസ് ബി ഐ ശാഖയിലും പോലീസിനെ വിന്യസിച്ചു.

ഇതിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സൌത്ത്ബാ ഇന്ത്യന്‍ ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി പി എം ഏരിയാ സെക്രട്ടറി ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.