വെളിയങ്കോട്: വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.
വെളിയംകോട് സ്വദേശി കല്ലം വളപ്പില്‍ മരക്കാര്‍ (60) ആണ് മരിച്ചത്. വെളിയംകോട് ലൈഫ് ലൈന്‍ പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ അപകടം നടന്നയുടനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍
എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിനു മുമ്പില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് യുവാവ് കാറുമായി പരാക്രമം കാട്ടിയത്. പള്ളികകത്തേക്ക്
കാര്‍ കൊണ്ടു പോകണമെന്ന് യുവാവ് വാശി “പിടിച്ചെങ്കിലും, സെക്യൂരിറ്റി ജീവനക്കാരന്‍ ഇത് തടയുകയായിരുന്നു. തുടര്‍ന്ന് യുവാവ് സ്പീഡില്‍ കാര്‍ പിറകോട്ട് എടുക്കുമ്പോള്‍ റോഡരികിലൂടെ
പോവുകയായിരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. കാര്‍ ഓടിച്ചിരുന്ന
പൊന്നാനി കോടതിപ്പടി സ്വദേശിയായ മഠത്തില്‍ പറമ്പില്‍ ഹബീബ് റഹ്മാനെ (32) പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടെ
യാത്രചെയ്തിരുന്ന മറ്റു രണ്ടുപേര്‍ അപകടം നടന്നയുടനെ ഓടിരക്ഷപ്പെട്ടു.
ഫാത്വിമയാണ് അപകടത്തില്‍ മരണപ്പെട്ട മരക്കാറിന്റെ ഭാര്യ. മക്കള്‍: നൗഷാദ്, നൗഫല്‍, ഫിറോസ്, ഷരീഫ്, നൗഷജ, നൗഫിറ, മരുമക്കള്‍ : മജീദ്, സക്കീര്‍,
റഹീന, മുബീന, സുല്‍ഫി. ശനിയാഴ്ച രണ്ട് മണിക്ക് വെളിയംകോട് കോയസ്സന്‍ മരക്കാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം.